കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും എണ്ണിത്തുടങ്ങിയിരിക്കുകയാണ്. ആദ്യ ഫല സൂചനയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഒപ്പത്തിനൊപ്പമാണുള്ളത്. അകെയുണ്ടായിരുന്ന 15 പോസ്റ്റൽ വോട്ടുകളിൽ ഇരുമുന്നണികൾക്കും ആറെണ്ണം വീതമാണ് ലഭിച്ചിട്ടുള്ളത്. അതേസമയം, ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഇതുവരെ എണ്ണിത്തുടങ്ങിയില്ല. ഇരുസ്ഥാനാർത്ഥികളും വിജയപ്രതീക്ഷയോടെയാണ് മത്സരഫലം വീക്ഷിക്കുന്നത്.
പ്രചാരണത്തിനിടയ്ക്ക് നിർഭാഗ്യകരമായ ചില കാര്യങ്ങളുണ്ടായി എന്ന സ്വകാര്യദുഖം എനിക്കുണ്ട് അതു മുന്നണിയിലുമുണ്ട്. എങ്കിലും വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാംപ്. രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ സാധിക്കാത്തതിൽ ദുഖമുണ്ട് എങ്കിലും മികച്ച പ്രചാരണം കാഴ്ച വയ്ക്കാൻ സാധിച്ചു. മാണി സാറിനോടുള്ള സ്‌നേഹം പാലാക്കാർ എന്നോടും കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളിൽ മാത്രമേ ഞങ്ങൾക്ക് സംശയമുള്ളൂ ബാക്കി എല്ലാ പഞ്ചായത്തുകളിലും ഞങ്ങൾ ലീഡ് ചെയ്യുമെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ പറഞ്ഞു. പാലാ മുൻസിപ്പാലിറ്റിയിൽ ഞങ്ങൾ നന്നായി ലീഡ് ചെയ്യും. 58,000 വോട്ട് കഴിഞ്ഞ തവണ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതിൽ 3000 വോട്ട് പോയാലും അതിലേറെ വോട്ടുകൾ വരാനുണ്ട്.
വ്യക്തിബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകൾ കൂടാതെ ബി.ഡി.ജെ.എസ് വോട്ടും ഞങ്ങൾക്ക് ലഭിക്കും. പി.ജെ ജോസഫ് വിഭാഗത്തിന്റെ വോട്ടും പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് കിട്ടേണ്ട വോട്ടുകൾ മാറിപ്പോവാൻ ഒരു സാധ്യതയുമില്ല. മാണി സാറിനോട് മൂന്ന് വട്ടം യുദ്ധം ചെയ്തയാളാണ് ഞാൻ. മാണി സാറിനോളം ശക്തനല്ല ഇപ്പോഴത്തെ സ്ഥാനാർഥി. ഇക്കാര്യം മണ്ഡലത്തിലെ യുവാക്കളെ സ്വാധീനിക്കുമെന്ന് ഞാൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലായിൽ ഉറച്ച വിജയപ്രതീക്ഷയാണുള്ളത്. വോട്ടു മറിച്ചെന്ന ആരോപണം തള്ളിക്കളയുന്നെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരി പറഞ്ഞു.