ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ചന്ദ്ര ഉപരിതലത്തിൽ ഇടിച്ചിറങ്ങിയത് (ഹാർഡ് ലാൻഡിംഗ്) കൊണ്ടാണ് ലാൻഡറുമായുള്ള ബന്ധം നഷ്‌ടമായതെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ കണ്ടെത്തൽ.നാസയുടെ ലൂണാർ റിക്കനൈസൻസ് ഓർബിറ്റർ കാമറ വഴി പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നാസ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ചന്ദ്രയാൻ 2ലെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിംഗ് ചെയ്യിക്കാനായിരുന്നു ഐ.എസ്.ആർ.ഒയുടെ ശ്രമം. എന്നാൽ അവസാന ഘട്ടത്തിലുണ്ടായ ചില അപ്രതീക്ഷിത തകരാറുകളെ തുടർന്ന് ചന്ദ്രോപരിതരത്തിൽ നിന്നും 350 മീറ്ററുകൾ അകലെ വച്ച് ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചന്ദ്രോപരിതലത്തിൽ ചെരിഞ്ഞുവീണ ലാൻഡറിനെ വീണ്ടെടുക്കാൻ ഐ.എസ്.ആർ.ഒ ശ്രമിച്ചെങ്കിലും നടന്നില്ല. നിലത്ത് ഇടിച്ച് ഇറങ്ങിയതിനാൽ ലാൻഡറിന്റെ വാർത്താവിനിമയ സംവിധാനം നഷ്ടപെട്ടതായാണ് അനുമാനിക്കപ്പെടുന്നത്.
Our @LRO_NASA mission imaged the targeted landing site of India’s Chandrayaan-2 lander, Vikram. The images were taken at dusk, and the team was not able to locate the lander. More images will be taken in October during a flyby in favorable lighting. More: https://t.co/1bMVGRKslp pic.twitter.com/kqTp3GkwuM
— NASA (@NASA) September 26, 2019
അതേസമയം, വിക്രം ലാൻഡർ ഹാർഡ് ലാൻഡിംഗ് നടത്തിയെന്ന് കണ്ടെത്തിയെങ്കിലും ഇത് എവിടെയാണെന്ന് കണ്ടെത്താൻ നാസയ്‌ക്ക് കഴിഞ്ഞിട്ടില്ല. ലാൻഡർ ഇറങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ ചിത്രമാണ് നാസ പുറത്തുവിട്ടത്. ഇരുൾ നിറഞ്ഞ സമയത്ത് ചിത്രം പകർത്തിയതിനാലാണ് വിക്രം ലാൻഡറിനെ കണ്ടെത്താൻ കഴിയാത്തത്. ഒക്‌ടോബറിൽ ലൂണാർ റിക്കനൈസൻസ് ഓർബിറ്റർ വീണ്ടും ഇതുവഴി കൊണ്ടുവന്ന് കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താനാകുമെന്നും നാസ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, 14 ദിവസം മാത്രം പ്രവർത്തന കാലാവധിയുണ്ടായിരുന്ന വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ആഴ്‌ച തന്നെ ഐ.എസ്.ആർ.ഒ അവസാനിപ്പിച്ചിരുന്നു. സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന വിക്രം ലാൻഡറിന്റെ ആയുസ് 14 ദിവസമായിരുന്നു. ചന്ദ്രനിലെ 14 ദിവസത്തെ പകൽ അവസാനിച്ച് കഴിഞ്ഞ 21ന് അത്ര തന്നെ ദൈർഘ്യമുള്ള രാത്രി തുടങ്ങിയതോടെ ലാൻഡറിന് ഇനി പ്രവർത്തിക്കാനാകില്ല. ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ഐ.എസ്.ആർ.ഒ ശ്രമങ്ങളും ഇതോടെ തീരുകയാണ്. മാത്രവുമല്ല രാത്രി തുടങ്ങിയതോടെ ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 180 ഡിഗ്രി വരെ താഴും. ഈ സമയത്ത് ലാൻഡറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ കേടുവരാനും സാധ്യതയുണ്ട്. അതിനാൽ ചന്ദ്രനിൽ ഇനിയൊരു പകൽ വരുമ്പോഴേക്കും ലാൻഡറിന് സുരക്ഷിതമായി നിലനിൽക്കാൻ ആകില്ല.
ലാൻഡറിന് സംഭവിച്ചത് എന്താണെന്ന് മനസിലാക്കാൻ കഴിയുന്ന സിഗ്‌നലുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിക്രം ലാൻഡറിൽ നിന്നും ഇതുവരെ സിഗ്നലുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. ലാൻഡറിന് എന്താണ് സംഭവിച്ചതെന്ന കാര്യം ഉന്നത സംഘം അന്വേഷിക്കുകയാണ്. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കും. ഇക്കാര്യത്തിൽ സർക്കാർ തലത്തിലുള്ള കൂടുതൽ അനുമതികൾ ലഭ്യമാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും കെ.ശിവൻ വ്യക്തമാക്കിയിരുന്നു. ഇനി ഐ.എസ്.ആർ.ഒയുടെ എല്ലാ ശ്രദ്ധയും ഗഗൻയാൻ പദ്ധതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.