''ആരാ?"
പ്രജീഷ്, ചന്ദ്രകലയ്ക്കു നേരെ തിരിഞ്ഞു.
''കിടാവ് സാറാ..."
''തൽക്കാലം കാൾ എടുക്കണ്ടാ."
''അപ്പോൾ നമ്മളെ സംശയിക്കില്ലേ?" ചന്ദ്രകലയ്ക്കു സംശയം.
''കുറച്ചു കഴിഞ്ഞ് അങ്ങോട്ടു വിളിക്കാം. അപ്പോൾ ഒരു ഐഡിയ കണ്ടെത്തിക്കഴിയണം. ഒരിക്കലും നമ്മൾ കുടുങ്ങാത്ത ഐഡിയ."
ഫോൺ ബല്ലടിച്ചു നിന്നു.
ചന്ദ്രകല തളർച്ചയോടെ കസേരയിലേക്കിരുന്നു.
''ഒന്നിനു പിന്നാലെ ഒന്നായി നമുക്കെതിരെ പ്രശ്‌നങ്ങൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. പ്രജീഷ്... നമ്മുടെ സ്വപ്നങ്ങളും തീരുമാനങ്ങളും ഒന്നും നടപ്പാകുന്നുമില്ല."
അവളുടെ ശബ്ദത്തിൽ നിരാശ നിഴലിച്ചു.
''ഒക്കെ ശരിയാകുമെടീ. നീ ധൈര്യമായിരിക്ക്."
എന്നാൽ ചന്ദ്രകലയ്ക്കു ധൈര്യമില്ല. ആരോടെന്നില്ലാതെ അവൾ മന്ത്രിച്ചു:
''പാഞ്ചാലിയെ കൊല്ലേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നിപ്പോകുകയാ. അവളുടെ മരണത്തോടെയാ എല്ലാം തകിടം മറിഞ്ഞു തുടങ്ങിയത്."
''ബാക്കി കിട്ടാനുള്ള നാൽപ്പത് കോടി രൂപ കൂടി കയ്യിലെത്തുമ്പോൾ പാഞ്ചാലിയെ കൊന്നത് നന്നായെന്ന് നീ മാറ്റി പറഞ്ഞോളും."
പ്രജീഷ് ചിരിച്ചു.
എന്നാൽ ചന്ദ്രകലയ്ക്ക് ആശ്വാസം തോന്നിയില്ല.
അപകടത്തിന്റെ ഈ ചിലന്തിവലയിൽ നിന്ന് എങ്ങനെ രക്ഷപ്പെടും?
അതായിരുന്നു അവളുടെ ചിന്ത. എന്തായാലും തനിക്ക് ജയിലിൽ കിടക്കുവാൻ വയ്യ. അതിനായി പ്രജീഷിനെ ഒറ്റികൊടുക്കേണ്ടിവന്നാൽ അതിനും താൻ ചിലപ്പോൾ തയ്യാറായേക്കുമെന്ന് അവൾക്കു തോന്നി.
സമയം കടന്നുപോയി.
കിടാവ് ഇനി വിളിക്കുകയാണെങ്കിൽ പറയുവാൻ പറ്റിയ ആശയങ്ങളൊന്നും പ്രജീഷിനു കിട്ടിയില്ല.
അവസാനം അയാൾ വസ്തുബ്രോക്കർ മുനിയാണ്ടിയെ വിളിച്ചു. തനിക്കൊരു പുതിയ 'സിംകാർഡ്' എത്രയും വേഗം എത്തിക്കണമെന്നു നിർദ്ദേശിച്ചു.
ഉച്ചയോടെ മുനിയാണ്ടി പുതിയ സിംകാർഡ് കൊണ്ടുവന്നു.
അത് ആക്ടിവേറ്റ് ആയിക്കഴിഞ്ഞയുടൻ ചന്ദ്രകലയും പ്രജീഷും പഴയ സിംകാർഡുകൾ മാറ്റി.
സൈബർസെല്ലുകാർ തിരഞ്ഞാൽ പോലും തൽക്കാലത്തേക്കെങ്കിലും തങ്ങളെ കണ്ടുപിടിക്കാതിരിക്കട്ടെ.
ആ നമ്പരിൽ നിന്ന് പ്രജീഷ് പരുന്ത് റഷീദിനെ വിളിച്ചു.
''എന്റെ പുതിയ നമ്പർ ഇതാടാ. ഇതിലേക്കേ വിളിക്കാവൂ."
അപ്പുറത്തു നിന്നു പരുന്തിന്റെ സംശയം നിറഞ്ഞ ശബ്ദം:
''അപ്പോൾ ആ അസ്ഥികൂടം കോവിലകത്ത് വന്നതെങ്ങനെയെന്ന് സാറിന് അറിയാം. അല്ലേ?"
പ്രജീഷിനു വാക്കുകൾ നഷ്ടമായി... അയാൾ മരവിച്ചിരുന്നു.
*****
വടക്കേ കോവിലകം.
വിവിധ ചാനൽ റിപ്പോർട്ടറന്മാരും ഫോട്ടോഗ്രാഫേഴ്സും ഉണ്ടായിരുന്നു അവിടെ.
നാട്ടുകാർ മാത്രം അവിടേക്കു തിരിഞ്ഞു നോക്കിയില്ല.
എഫ്.ഐ.ആർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.
അസ്ഥിക്കഷണങ്ങൾ ഒരു പ്ളാസ്റ്റിക് ബാഗിലേക്കു നീക്കി.
ഫോറൻസിക് വിഭാഗം തങ്ങൾക്ക് പരിശോധിക്കുവാൻ ചില സാംപിളുകളും എടുത്തു.
ഒരു കാര്യം അവർ തീർത്തു പറഞ്ഞു:
''രണ്ട് മാസത്തിനപ്പുറം ഈ അസ്ഥികൂടത്തിനു പഴക്കം ഉണ്ടാവില്ല. പിന്നെ ഇതൊരു പുരുഷന്റേതാണ്."
സി.ഐ അലിയാർ, തന്റെ ലാപ്ടോപ്പിൽ, ജില്ലയിൽ റിപ്പോർട്ടു ചെയ്തിട്ടുള്ള മാൻ മിസ്സിംഗ് കേസുകൾ പരതാൻ തുടങ്ങി. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ടു ചെയ്യപ്പെട്ടത് നാൽപ്പതെണ്ണം!
അതിൽ നിന്ന് സ്‌ത്രീകളെയും കുട്ടികളെയും ഒഴിവാക്കിയപ്പോൾ അവശേഷിച്ചത് ഇരുപത്തിയേഴെണ്ണം!
അവയിൽ ഓരോന്നിലൂടെയും അലിയാരുടെ കണ്ണുകൾ സൂക്ഷ്‌മതയോടെ നീങ്ങി....
തൊട്ടരുകിൽ ആരോ മുരടനക്കിയപ്പോൾ അലിയാർ തിരിഞ്ഞു.
എം.എൽ.എ ശ്രീനിവാസ കിടാവ്. ചോദ്യഭാവത്തിൽ അയാൾ കിടാവിനെ നോക്കി.
''എന്റെ മകൻ ഇവിടെ താമസമാക്കിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ."
അലിയാരെ ശ്രദ്ധിക്കാത്ത ഭാവത്തിൽ കിടാവു പറഞ്ഞു.
''അതിന്?"
ലാപ്ടോപ്പ് മടക്കി വച്ചിട്ട് അലിയാർ നിവർന്നിരുന്നു.
''അതിനർത്ഥം നേരത്തെ ഇവിടെ താമസിച്ചിരുന്നവർക്ക് ഇതിൽ പങ്കുണ്ടായിരിക്കും എന്നാണല്ലോ.... ആ വഴിക്കൊന്ന് അന്വേഷിച്ചാൽ സത്യം തെളിയും."
അലിയാരുടെ മുഖത്തൊരു ചിരി മിന്നി.
''നേരത്തെ ഇവിടെ താമസിച്ചിരുന്നവരെ കാണാനും പലരും വന്നിട്ടുണ്ട്. അവരെയും വേണമെങ്കിൽ സംശയിക്കാം. പതിനഞ്ചു വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയെ നിർദാക്ഷണ്യം പെട്രോൾ ഒഴിച്ചു കത്തിച്ചവരും അതിനു പ്രേരണ നൽകി കൂട്ടുനിന്നവരെയും വേണമെങ്കിൽ സംശയിക്കാം."
കവിളടക്കം ഒരടി ഏറ്റതുപോലെ തോന്നി കിടാവിന്.
അയാൾ തിരിഞ്ഞുനടക്കാൻ ഭാവിച്ചു.
''നിൽക്കണം സാർ." അലിയാർ എഴുന്നേറ്റു.
കിടാവ് തോളിനു മുകളിലൂടെ തല തിരിച്ചു.
''ഈ അസ്ഥികൂടം മാത്രമല്ല എന്റെ അന്വേഷണ പരിധിയിൽ ഉള്ളത്. പാഞ്ചാലിയുടെ മരണം... അത് ഞാൻ വീണ്ടും തുടങ്ങുകയാണ്. എത്ര സാക്ഷികളെ കൊന്നൊടുക്കിയാലും പ്രതിയെന്നു പറയപ്പെട്ട പയ്യൻ മണ്ണിനടിയിലാണെങ്കിലും സത്യം പുറത്തുകൊണ്ടുവന്നിരിക്കും ഞാൻ. അത് ഏത് വമ്പനാണെങ്കിലും."
കിടാവിന്റെ മറുപടിക്കു കാക്കാതെ അലിയാർ തറയിൽ അമർത്തി ചവുട്ടി പുറത്തേക്കു നടന്നു.
(തുടരും)