ഭോപ്പാൽ: രാജ്യം കണ്ട ഏറ്റവും വലിയ ഹണി ട്രാപ്പാണ് മദ്ധ്യപ്രദേശിൽ നടന്നത്. മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ വശീകരിക്കാൻ വിദ്യാർത്ഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. അറസ്റ്റിലായ ശ്വേത ജെയ്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ദരിദ്ര-ഇടത്തരം കുടുംബങ്ങളിൽപ്പെട്ട ഇരുപത്തഞ്ചോളം പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ഉന്നതരെ വശീകരിക്കാൻ ഉപയോഗിച്ചെന്നാണ് ശ്വേത അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ കോളേജ് വിദ്യാർത്ഥിനി മോണിക്കാ യാദവിനെ ചോദ്യം ചെയ്തിരുന്നു. താൻ പ്രമുഖ കോളേജിൽ ചേരുന്നതിനായിട്ടാണ് ശ്വേതയെ കണ്ടതെന്നും ഉന്നതരുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് തന്നെ കെണിയിൽപ്പെടുത്തിയതെന്നും മോണിക്ക മോഴി നൽകി.
ആദ്യം ശ്വേതയുടെ വാഗ്ദാനങ്ങൾ നിരസിച്ച മോണിക്ക നാട്ടിലേക്ക് പോയിരുന്നു. എന്നാൽ ശ്വേതയുടെ കൂട്ടാളിയായ ആരതി ദയാൽ എന്ന സ്ത്രീ മോണിക്കയുടെ അച്ഛനെ സമീപിക്കുകയും പഠനച്ചെലവ് തന്റെ എൻ.ജി.ഒ ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ അദ്ദേഹം തന്റെ മകളെ ആരതിക്കൊപ്പം അയക്കുകയായിരുന്നു. ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനിയറും മദ്ധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ഫുട്ബാളറുമായ ഹർഭജൻ സിംഗിന് വഴങ്ങാനും ഇതിന്റെ ദൃശ്യങ്ങൾ പകർത്താനും ആരതി നിർബന്ധിച്ചു. മോണിക്ക ഇത് അനുസരിക്കുകയും ചെയ്തു. ഹർഭജൻ സിംഗിനെ മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ അയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയണ് ഇക്കാര്യം പുറം ലോകമറിയുന്നത്.
സെക്സ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ, ആഡിയോ ക്ലിപ്പുകൾ തുടങ്ങി 4000ഓളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇപ്പോൾ മറ്റൊരു സംസ്ഥാനത്ത് ഗവർണറായിരിക്കുന്ന വ്യക്തി മുതൽ മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എ.മാർ, ഉന്നത രാഷ്ട്രീയനേതാക്കൾ തുടങ്ങി വമ്പൻസ്രാവുകളെല്ലാം കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
15 വർഷം സംസ്ഥാനം ഭരിച്ച ബി.ജെ.പി. നേതാക്കൾക്കൊപ്പം ഇപ്പോഴത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാക്കളും കെണിയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും നേതൃനിരയിലുള്ളവർ കെണിയിൽ കുടുങ്ങിയതോടെ നേതാക്കൾ പരസ്പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു. കെണിയിൽ കുടുങ്ങിയ ബി.ജെ.പി. നേതാക്കളുടെ വിവരം നൽകാൻ ആർ.എസ്.എസ്, ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയക്കാരെ കൂടാതെ, സിനിമാതാരങ്ങൾ, വ്യവസായികൾ തുടങ്ങിയവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ, പുരുഷന്മാരെ കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയും ദൃശ്യങ്ങൾ ഒളികാമറയിൽ ചിത്രീകരിച്ച് ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഹണിട്രാപ് സംഘത്തിന്റെ പ്രധാന പ്രവർത്തനം. ഉന്നതബന്ധങ്ങൾ ഉപയോഗിച്ചാണു സ്ത്രീകൾ അടങ്ങുന്ന വൻ സംഘം വലവിരിച്ചതും സജീവമായതും. സമ്പന്നർ താമസിക്കുന്ന കോളനികളിൽ വാടകവീടുകൾ സംഘടിപ്പിച്ചാണു തട്ടിപ്പിനു കളമൊരുക്കിയിരുന്നത്. ബ്ലാക്ക്മെയിലിലൂടെ ഒരിക്കൽ പണം തട്ടിയാൽ വിലാസം മാറ്റും. സമ്പന്നരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളുമൊക്കെയായുള്ള കൂടിക്കാഴ്ചകൾക്കു പറ്റിയതിനാൽ തിരക്കുള്ള നഗരങ്ങളാണു തിരഞ്ഞെടുത്തിരുന്നത്.