ന്യൂഡൽഹി: ആകെയുണ്ടായിരുന്ന ഒരു എം.എൽ.എയും ബി.ജെ.പിയിൽ ചേർന്നതോടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ എൻ.ഡി.എ ഘടകക്ഷിയായ ശിരോമണി അകാലി ദൾ തീരുമാനിച്ചു. ഇന്നലെയാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തിയ കാലാൻവാലി എം.എൽ.എ ബലാകൂർ സിംഗ് ബി.ജെ.പിയിൽ ചേർന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ മികച്ച രീതിയിൽ ഭരണം നടത്തിയെന്നും അദ്ദേഹത്തിന് പിന്തുണ നൽകാനാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും ബലാകൂർ സിംഗ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണി ബന്ധം അവസാനിപ്പിച്ച് ഒറ്റയ്‌ക്ക് മത്സരിക്കാൻ അകാലിദൾ തീരുമാനിച്ചത്. സീറ്റുകൾ പരസ്പരം പങ്കുവച്ച് മുന്നണി സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിയിൽ നിന്നും എം.എൽ.എയെ അടർത്തിയെടുക്കുന്നത് മുന്നണി മര്യാദകൾ ലംഘിക്കുന്നതാണെന്ന് ആരോപിച്ചാണ് അകാലിദളിന്റെ പ്രഖ്യാപനം.
നാളിതുവരെ അകാലിദൾ ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും നൽകിയ എല്ലാ പിന്തുണയും മറക്കുന്ന രീതിയിലാണ് ബി.ജെ.പി പ്രവർത്തിച്ചത്. ഇക്കാര്യം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ദേശീയത മുൻനിറുത്തി എല്ലാകാലവും ബി.ജെ.പിക്കൊപ്പമാണ് അകാലി ദൾ നിന്നിട്ടുള്ളത്. ഹരിയാനയിൽ ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചത് തന്നെ ബി.ജെ.പിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നടത്തിയ പത്രസമ്മേളത്തിലും അകാലി ദളുമായി നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിർണായക ഘട്ടത്തിൽ പിന്നിൽ നിന്ന് കുത്തുന്നത് പോലെ ബി.ജെ.പി തങ്ങളുടെ ഏക എം.എൽ.എയെയും അടർത്തിയെടുത്തു. ഇക്കാര്യത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഒറ്റയ്‌ക്ക് മത്സരിക്കാൻ കോർ കമ്മിറ്റി തീരുമാനിക്കുകയാണെന്ന് അകാലി ദൾ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി ഇനിയും പോരാട്ടം തുടരുമെന്നും അകാലി ദൾ നേതാക്കൾ വ്യക്തമാക്കി.