granede-lighter

കൊച്ചി: കളമശ്ശേരി 220 കെ വി സബ് സ്റ്റേഷൻ പരിസരത്ത് നിന്ന് ഗ്രനേഡിനോട് സാമ്യമുള്ള വസ്‌തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. മൂന്നര മണിക്കൂറിലധികമാണ് പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും 'ക്ഷ' വരപ്പിച്ചത്. സബ് സ്റ്റേഷനകത്ത് ജീവനക്കാരുടെ ക്വാർട്ടേഴ്സിനു മുന്നിൽ നിന്നാണ് ഗ്രനേഡിനോട് സാമ്യമുള്ള വസ്‌തു കണ്ടെത്തിയത്. ഓഫീസ് അറ്റൻഡന്റ് ആയ സീനയുടെ മക്കൾ ഇതു തട്ടിക്കളിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ സീന സെക്യൂരിറ്റി ജീവനക്കാരനെ കാര്യം അറിയിക്കാൻ കുട്ടികളോട് പറഞ്ഞു. ബോംബാണെന്നും കൺട്രോൾ റൂമിൽ വിളിച്ചറിയിക്കണമെന്നും പറഞ്ഞ് കുട്ടികളെ ഇയാൾ തിരിച്ചയച്ചു.

എന്നാൽ കുട്ടികളെ പേടിപ്പിക്കാനാവും സെക്യൂരിറ്റി അങ്ങനെ പറഞ്ഞതെന്നു കരുതിയ സീന സംഭവം കാര്യമായി എടുത്തില്ല. പിന്നീട് കുട്ടികൾ 'കളിപ്പാട്ട'ത്തിനായി പിടിവലി കൂടിയപ്പോൾ സീന തന്നെ അതെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് വച്ചു. തുടർന്ന് ഓഫീസിലെത്തിയപ്പോൾ, സബ് സ്റ്റേഷനു മുകളിലൂടെ കഴിഞ്ഞ ഒരാഴ്ചയായി രാത്രി 7ന് സംശയകരമായി ഡ്രോൺ പറക്കുന്നുണ്ടെന്നും പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും മേലുദ്ധ്യോഗസ്ഥൻ അറിയിച്ചപ്പോഴാണ് ക്വാർട്ടേഴ്സിനു മുന്നിൽ നിന്നു ലഭിച്ച വസ്തുവിനെക്കുറിച്ചും സെക്യൂരിറ്റി ജീവനക്കാരൻ ബോംബാണെന്ന് അറിയിച്ച കാര്യവും മേലധികാരിയോടു സീന പറഞ്ഞത്.

വസ്‌തു കണ്ട മേലധികാരി പൊലീസിൽ അറിയിച്ചു. സി.ഐ എ. പ്രസാദിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. ഇന്റർനെറ്റിൽ പരതിയപ്പോൾ ഇതു ഗ്രനേഡ് മാതൃകയിലുള്ള ലൈറ്റർ ആണെന്നു മനസിലായെങ്കിലും വസ്തുവിന്റെ ഭാരം സംശയം വർദ്ധിപ്പിച്ചു. തുടർന്നു ഡോഗ് സ്‌ക്വാഡിനെ വിളിച്ചു വരുത്തി. ഇവർക്കും ബോംബാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ പ്രതിരോധ വകുപ്പുമായി പൊലീസ് ബന്ധപ്പെട്ടു. ഗ്രനേഡിന്റെ ഡമ്മിയായിരിക്കുമെന്നും സിനിമക്കാർ ഉപയോഗിച്ചതായിരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡെത്തി. ഗ്രനേഡാണെന്ന സംശയം അവരും പ്രകടിപ്പിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡ് ഈ വസ്‌തു സുരക്ഷിതമായി എച്ച്.എം.ടി എസ്റ്റേറ്റിലെ വിജനമായ സ്ഥലത്തു കൊണ്ടുപോയി പൊട്ടിച്ചു. പരിശോധനയിൽ ലൈറ്ററിന്റെ ഭാഗങ്ങൾ ലഭിച്ചതോടെ ഗ്രനേഡല്ലെന്നും വസ്‌തു ഹാൻഡ് ഗ്രനേഡ് ലൈറ്ററാണെന്നും വ്യക്തമാവുകയായിരുന്നു.