ട്രംപ് പ്രസിഡന്റായി അധികാരമേറ്രെടുത്തത് മുതൽ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇംപീച്ച് ചെയ്യപ്പെടാനുള്ള സാദ്ധ്യത നിഴൽ പോലെ പിന്നാലെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല നടപടികളും അമേരിക്കൻ പ്രസിഡന്റ് പദവിക്കും അന്തസിനും ചേർന്നതായിരുന്നില്ല. നിരന്തരമായിട്ടുള്ള കളവുകൾ പറയുക, മോശമായ പെരുമാറ്റം മാദ്ധ്യമങ്ങളെ അപമാനിക്കൽ , വൈറ്റ് ഹൗസ് നടത്തിപ്പിലെ അപാകതകൾ, അന്താരാഷ്ട്ര കരാറുകളിൽ നിന്നുള്ള പിന്മാറ്റം എല്ലാറ്റിലും ഉപരിയായി ജനാധിപത്യ വിരുദ്ധമായ നയങ്ങളും നടപടികളും ഇവയിൽ ചിലത് മാത്രമാണ്.
എന്നാൽ ഇതൊന്നും പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ മതിയായ കാരണങ്ങളല്ല. ഇക്കഴിഞ്ഞ ജൂലായ് 25 ന് ട്രംപ്, ഉക്രെയ്ൻ പ്രസിഡന്റ് വോൾഡിനീർ സെലെൻസ്കിയുമായി നടത്തിയ ടെലഫോൺ സംഭാഷണം അദ്ദേഹത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി 2020 തിരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിക്കാൻ സാദ്ധ്യതയുള്ള മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെതിരെ സാമ്പത്തിക ക്രമക്കേടുകൾക്ക് അന്വേഷണം നടത്തണമെന്ന് ഉക്രെയ്ൻ പ്രസിഡന്റിനോട് ആവശ്യപ്പെടുകയാണ് സംഭാഷണത്തിൽ . മാത്രമല്ല, ഈ സംഭാഷണം രഹസ്യസ്വഭാവമുള്ള വിവര വിഭാഗത്തിൽപ്പെടുത്തി മൂടി വയ്ക്കാനും ശ്രമം നടത്തി. 2020 തിരഞ്ഞെടുപ്പിൽ ഒരു വിദേശരാജ്യത്തെ ഇടപെടുത്താനായി പ്രസിഡന്റ് അധികാരം ദുരുപയോഗം ചെയ്തു
എന്നതാണ് ഗൗരവമുള്ള കുറ്റമായി ആരോപിക്കുന്നത്. പ്രസിഡന്റ് മാത്രമല്ല, അറ്റോർണി ജനറൽ ഉൾപ്പടെയുള്ള വൈറ്റ് ഹൗസിലെ പല ഉദ്യോഗസ്ഥരും ഇതിനായി പ്രവർത്തിച്ചു എന്ന് വ്യക്തമായിക്കഴിഞ്ഞു. കൂടാതെ, സംഭാഷണം സംബന്ധമായ വിവരങ്ങളടങ്ങുന്ന ഇ-മെയിൽ സന്ദേശം അബദ്ധത്തിൽ പ്രതിപക്ഷകക്ഷിയായ ഡെമോക്രാറ്റുകൾക്ക് അയച്ചതും കാര്യങ്ങൾ വഷളാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രസിഡന്റിന് അനുകൂലമായ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെടുന്നതാണ് സന്ദേശം. 2016 തിരഞ്ഞെടുപ്പിൽ ട്രംപിന്റെ അറിവോടെ റഷ്യ അമേരിക്കൻ ഇലക്ഷനിൽ ഇടപെട്ടു എന്ന ആരോപണം നിലനിൽക്കെയാണ് പുതിയ വിവാദം.
ട്രംപ് ഈ വിവാദത്തെ ഗൗരവമായി കാണുന്നില്ല. തട്ടിക്കൂട്ടിയ പരാതി എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഇതിനെ വിശേഷിപ്പിച്ചത്. ട്രംപ് ആരോപണം പൂർണമായും തള്ളിക്കളഞ്ഞു. "നമ്മുടെ രാജ്യത്തിന് അപമാനകരമാണിത്. എന്നെ വേട്ടയാടുകയാണ്. ഞാൻ നടത്തിയ സംഭാഷണത്തിൽ തെറ്രൊന്നുമില്ല." എന്നാണദ്ദേഹം പ്രതികരിച്ചത്. ഡെമോക്രാറ്റുകളുടെ അഭിപ്രായത്തിൽ രാഷ്ട്രീയ എതിരാളികളെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ വിദേശസഹായം തേടിയ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നതാണ്. ഇത് തീർത്തും അമേരിക്കയുടെ ദേശീയ താത്പര്യത്തെ ഹനിക്കുന്നതാണെന്നതാണ് ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
അമേരിക്കയുമായി പ്രത്യേക ബന്ധമുള്ള രാജ്യമാണ് ഉക്രെയ്ൻ. റഷ്യയുമായി പോരാടുന്ന ഉക്രെയിന് എല്ലാ സഹായവും അമേരിക്കയാണ് നൽകുന്നത്. ഉക്രെയിന്റെ സാമ്പത്തികവും സുരക്ഷാപരവുമായി പ്രശ്നങ്ങൾക്ക് അമേരിക്കയാണ് സഹായം നൽകുന്നത്. വിവാദ സംഭാഷണത്തിന് മുൻപായി ട്രംപ് ഇത്തരം സഹായങ്ങൾ നിറുത്തിവച്ചു. എന്നിട്ടാണ് ബൈഡന്റെ ഇളയ മകൻ ഹണ്ടർ ബൈഡന്റെ ഉക്രെയിനിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. അമേരിക്കയുടെ സാമ്പത്തിക സഹായം ഉറപ്പുവരുത്താനായി തത്വത്തിൽ അന്വേഷണത്തിന് തയാറായി എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. അതായത് അമേരിക്കയുടെ സാമ്പത്തിക സൈനിക സഹായത്തിന് പ്രതിഫലമായി ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉക്രെയ്ൻ എന്ന വിദേശരാജ്യം അന്വേഷണം നടത്തും. ഇത് കടുത്ത ദേശവിരുദ്ധതയെന്നാണ് വിചാരണക്കുറ്റമായി വന്നിരിക്കുന്നത്.
കടുത്ത ആരോപണ പ്രത്യാരോപണങ്ങൾക്കിടെയിൽ ജനപ്രതിനിധി സഭയുടെ 220 അംഗങ്ങൾ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. 434 അംഗസഭയുടെ ഭൂരിപക്ഷത്തിന് മുകളിലാണിത്. ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് പ്രതിനിധിസഭയുടെ സ്പീക്കർ നാൻസി പെലോസി വിചാരണ നടപടികൾക്ക് പച്ചക്കൊടി കാട്ടിയത്. ഭരണഘടനാ ലംഘനവും ദേശീയ സുരക്ഷയും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെയും ബാധിക്കുന്ന നടപടിയായാണ് ട്രംപിന്റെ നടപടിയെ പെലോസി വിശേഷിപ്പിച്ചത്. അമേരിക്കൻ ചരിത്രത്തിൽ വിചാരണ ചെയ്യപ്പെടാൻ പോകുന്ന നാലാമത്തെ പ്രസിഡന്റാണ് ട്രംപ്. 1868 ൽ പ്രസിന്റഡ് ആൻഡ്രൂ ജോൺസണും 1998 ൽ ബിൽ ക്ളിന്റണും ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റിൽ പാസാകാത്തതു കൊണ്ട് വിചാരണ വിജയിച്ചില്ല. 1974ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ കുറ്റവിചാരണ നടപടി തുടങ്ങുന്നതിന് മുൻപ് സ്ഥാനമൊഴിഞ്ഞു.
വിചാരണ
വിജയിക്കുമോ?
ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് വിജയിക്കാനുള്ള സാദ്ധ്യത കുറവാണ്. കാരണം അമേരിക്കൻ കോൺഗ്രസിന്റെ രണ്ട് സഭകളിലും വിചാരണ പ്രമേയം പാസാകണം. എന്നാൽ ജനപ്രതിനിധി സഭയിൽ മാത്രമാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ളത്. അവിടെ പ്രമേയം പാസാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഉപരിസഭയായ സെനറ്റിൽ ട്രംപിന്റെ പാർട്ടിക്കാണ് ഭൂരിപക്ഷമുള്ളത്. മാത്രമല്ല, സെനറ്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വിചാരണ പാസാകാൻ ആവശ്യമാണ്. അതിനുള്ള സാദ്ധ്യത വിരളമാണ്.
രാഷ്ട്രീയം
വിജയിക്കില്ലെങ്കിലും പിന്നെന്തിനാണ് വളരെയധികം പ്രയത്നവും സമയവും ആവശ്യമുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. ഒരു പരിധിവരെ പറഞ്ഞാൽ ലക്ഷ്യം രാഷ്ട്രീയമാണ്. 2020 ൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും ജനവിധി തേടും. എതിരാളികൾക്കെതിരെ എന്ത് വൃത്തികെട്ട കളിയും നടത്തുന്ന ട്രംപിനെ തുറന്നു കാട്ടുക എന്നതാണ് വിചാരണയുടെ ലക്ഷ്യം. പ്രസിഡന്റ് പദവിയിൽ തുടരാനുള്ള ട്രംപിന്റെ ധാർമ്മികതയെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്നാൽ ഇത്തരം ഭീഷണികൾക്ക് വഴങ്ങുന്നയാളല്ല ട്രംപ്. തന്റെ പ്രവർത്തന നേട്ടങ്ങളിൽ അസൂയ പൂണ്ടവരാണ് വിചാരണയുമായി മുന്നോട്ടു പോകുന്നത് എന്നാണ് ട്രംപിന്റെ നിലപാട്. അതിനാൽത്തന്നെ അവർ ദേശവിരുദ്ധരാണ്. ഇനി 2020 തിരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ കളികളുടെ ദിനമാണ് അമേരിക്കയിൽ .
(ലേഖകൻ കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)