saudi-tourist-visa

റിയാദ്: ഇസ്‌ലാമിക ശരീഅത്ത് നിയമം നിലനിൽക്കുന്ന സൗദി അറേബ്യയിൽ ഇതാദ്യമായി വിദേശികൾക്ക് ടൂറിസ്‌റ്റ് വിസകൾ അനുവദിക്കാൻ സൗദി ഭരണകൂടത്തിന്റെ തീരുമാനം. എണ്ണയുഗത്തിന് ശേഷം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ശക്തമായി നിലനിറുത്തുന്നതിന് വേണ്ടി സൗദി കിരീടാവകാശി സൽമാൻ രാജാവ് കൊണ്ടുവന്ന വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് ടൂറിസ്‌റ്റ് വിസകൾ അനുവദിക്കുന്നത്. 2030ൽ ലോകത്തെ ഏറ്റവും വലിയ അറബ് സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് സൽമാൻ രാജാവിന്റെ ലക്ഷ്യം. അതേസമയം, സൗദിയിലെ എണ്ണശുദ്ധീകരണ ശാലകളിൽ വൻ ബോംബാക്രമണം നടന്നതിന് പിന്നാലെയാണ് നിർണായക തീരുമാനം സൗദി പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയമാണ്.

സൗദിയുടെ വാതിലുകൾ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് വേണ്ടി തുറന്നിടാനുള്ള തീരുമാനം ചരിത്രപരമാണെന്നാണ് സൗദി ടൂറിസം വകുപ്പ് തലവൻ അഹമ്മദ് അൽ ഖത്തീബ് പ്രസ്‌താവനയിൽ പറഞ്ഞു. സൗദിയിലെ മണ്ണിൽ ഒളിപ്പിച്ചിരിക്കുന്ന അമൂല്യ നിധി കണ്ട് ലോകം അത്ഭുതപ്പെടാൻ പോവുകയാണ്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങൾ സൗദിയിലുണ്ട്. പരമ്പരാഗതമായ സംസ്‌ക്കാരവും മനംമയക്കുന്ന പ്രകൃതി ഭംഗിയും രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 49 രാജ്യങ്ങളിലെ താമസക്കാർക്ക് നാളെ മുതൽ സൗദി ടൂറിസ്‌റ്റ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുഇടങ്ങളിൽ ശിരോവസ്ത്രം ധരിക്കണമെന്ന നിയമം വിദേശവനിതകൾക്ക് വേണ്ടി ലഘൂകരിക്കുമെന്നും അഹമ്മദ് അൽ ഖത്തീബ് വ്യക്തമാക്കി. എന്നാൽ വിദേശ വനിതകൾ ശരീരവടിവുകൾ പ്രദർശിപ്പിക്കാത്ത രീതിയിലുള്ള മാന്യമായ വസ്ത്രം ധരിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ തൊഴിൽ വിസയുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും മക്കയിലേക്കും മദീനയിലേക്കും വരുന്ന ഇസ്‌ലാമിക വിശ്വാസികൾക്കും മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. എന്നാൽ ടൂറിസവും സ്‌പോർട്‌സും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ വർഷം മുതൽ കായിക, സാംസ്‌ക്കാരിക പരിപാടികൾക്ക് പങ്കെടുക്കാൻ വരുന്നവർക്ക് സൗദി ടൂറിസം വിസകൾ അനുവദിച്ചിരുന്നു. എന്നാൽ മദ്യം കർശനമായി നിരോധിച്ചിരിക്കുന്നതിനാൽ രാജ്യത്തേക്ക് വരാൻ വിനോദ സഞ്ചാരികൾ മടിക്കുന്നതായാണ് കണക്കാക്കുന്നത്. ഇതിന് പുറമെ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അടുത്തിടെ നടന്ന ഖഷോഗി വധവുമൊക്കെ ടൂറിസ്‌റ്റുകളെ പിന്തിരിപ്പിക്കുന്നുണ്ട്. കൂടാതെ രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഹൂതി ആക്രമണവും ടൂറിസം മോഹങ്ങൾക്ക് വിലങ്ങുതടിയാകുന്നുണ്ട്. പുതിയ സിനിമാശാലകൾ സ്ഥാപിച്ചും സ്ത്രീകളെയും കൂടി പങ്കെടുപ്പിച്ചുള്ള സംഗീത പരിപാടികൾ സംഘടിപ്പിച്ചും ഇതിനെ മറികടക്കാനാണ് സൽമാൻ രാജാവിന്റെ പദ്ധതി.