pala-by-election

കോട്ടയം: പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ വിജയിക്കുമെന്ന് ഉറപ്പിച്ചതോടെ എൻ.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിയുന്നത് ഇപ്പോൾ പ്രസക്തമല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറ‌ഞ്ഞു. മൂന്നാമതൊരു എം.എൽ.എ ഉണ്ടാവുന്നത് എൻ.സി.പി പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിലെ തർക്കം നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിച്ചിരിക്കുമെന്നും ഭരണനേട്ടങ്ങൾ ഗുണമായെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.

കെ എം മാണിയെ പോലുള്ളൊരു അതികായന്റെ നിര്യാണത്തിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ആ മുന്നണിയെയും സ്ഥാനാർത്ഥിയെയും പരാജയപ്പെടുത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചെങ്കിൽ അത് അട്ടിമറി വിജയം തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ റൗണ്ടിൽ യു.ഡി.എഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പൻ മറ്റ് പഞ്ചായത്തുകളിലും ലീഡ് തുടരുകയാണ്. 3724 വോട്ടുകൾക്ക് മുന്നിലാണ് മാണി സി.കാപ്പൻ. എൽ.ഡി.എഫ്- 30857,​ യു.ഡി.എഫ് 26557, , ബി.ജെ.പി- 9614 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം,കടനാട്,​ മേലുകാവ്,​ മൂന്നിലവ്,​ തലനാട്,​ തലപ്പലം,​ ഭരണങ്ങാനം, കരൂർ, മുത്തോലി എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്.