
കോട്ടയം: രൂപീകരണ കാലം മുതൽ കെ.എം.മാണിയെന്ന അതികായനൊപ്പം നിന്ന പാലാ മണ്ഡലത്തിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് എൻ.സി.പി നേതാവ് മാണി.സി.കാപ്പൻ നേടിയ വിജയം എതിരാളികളെപ്പോലും അതിശയിപ്പിക്കുന്നതാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിയും മുൻ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ പിഴവുകൾ നികത്തിയും ഇടതുമുന്നണി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചപ്പോൾ വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും പിന്നോട്ട് പോകാതെ മാണി.സി.കാപ്പൻ അനായാസം വിജയിച്ചുകയറി. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുന്നിൽ നിന്ന് നയിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും എം.എം.മണി അടക്കമുള്ള മന്ത്രിമാരും പാലായിൽ നിറഞ്ഞുനിന്നു. എന്നാൽ ഇതിനൊക്കെ അപ്പുറം മാണി.സി.കാപ്പന്റെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കൃത്യമായ ആസൂത്രണം, ചെങ്ങന്നൂർ മോഡൽ
ഒരു മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി മത്സരിക്കുകയാണെങ്കിൽ സ്വീകരിക്കുന്ന അതേ പ്രവർത്തനങ്ങളാണ് ഇടതുമുന്നണി പാലായിലും പുറത്തെടുത്തത്. അഭിമാന പോരാട്ടമെന്ന നിലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ സി.പി.എം നേരിട്ട് ഏറ്റെടുത്തു. മൂന്ന് സെക്രട്ടറിയേറ്റ് അംഗങ്ങൾക്കായിരുന്നു മണ്ഡലത്തിന്റെ ചുമതല. വൈക്കം വിശ്വൻ, കെ.ജെ.തോമസ്, മന്തി എം.എം.മണി എന്നിവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ മണ്ഡലത്തിൽ ക്യാംപ് ചെയ്‌ത് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചു. ഓരോ പഞ്ചായത്തുകളുടെയും ചുമതല ഓരോ എം.എൽ.എമാരെ ഏൽപ്പിച്ചു. എല്ലായിടത്തും കുടുംബ യോഗങ്ങൾ നടത്തി. ഓരോ വോട്ടർമാരെയും മൂന്ന് തവണയെങ്കിലും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. കാതടപ്പിച്ചുള്ള പ്രചാരണത്തേക്കാൾ വീടുകൾ കയറിയിറങ്ങിയാണ് എൽ.ഡി.എഫ് പ്രചാരണം നടത്തിയത്.
കേരള കോൺഗ്രസിലെ തർക്കം
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥിയെ തീരുമാനിച്ച ഇടതുമുന്നണി പ്രചാരണ പരിപാടികൾ തുടങ്ങിയിരുന്നു. എന്നാൽ പത്രിക സമർപ്പിക്കുന്നത് കഴിഞ്ഞിട്ടും കേരള കോൺഗ്രസിലെ തർക്കം തീർന്നിരുന്നില്ല. തിരഞ്ഞെടുപ്പ് ചിഹ്നത്തെച്ചൊല്ലി അവസാന ദിവസങ്ങളിൽ കേരള കോൺഗ്രസ് നേതാക്കൾ പരസ്പരം തർക്കിക്കുമ്പോൾ മാണി.സി.കാപ്പൻ ഒന്നാം റൗണ്ട് പ്രചാരണം പൂർത്തിയാക്കിയിരുന്നു. ഒടുവിൽ വോട്ടെടുപ്പ് ദിവസം പോലും നേതാക്കൾ പരസ്പരം വിഴുപ്പലക്കൽ തുടർന്നു. കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാലും അവസാന നിമിഷം വരെ കേരള കോൺഗ്രസിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു.

എതിർ സ്ഥാനാർത്ഥിയെ വിട്ടു, സ്വന്തം നേട്ടങ്ങൾ മാത്രം പറഞ്ഞു
എതിർ സ്ഥാനാർത്ഥിക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തി അവരെ പ്രശസ്തരാക്കുന്ന നടപടിയിൽ നിന്നും ഇത്തവണ ഇടതുനേതാക്കൾ വിട്ടുനിന്നതും മാണി.സി.കാപ്പന്റെ വിജയത്തിന് കാരണമായി. എതിർ സ്ഥാനാർത്ഥിക്കെതിരെ പരസ്യ ആരോപണങ്ങൾ ഉന്നയിക്കാതെ സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞുകൊണ്ട് മാത്രമായിരുന്നു എൽ.ഡി.എഫ് പ്രചാരണം. ശബരിമല വിഷയത്തിൽ അടക്കം തെറ്റിനിന്ന സാമുദായിക സംഘടനകളെയും വിശ്വാസികളെയും കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്താനും ഇടതുമുന്നണിക്കായി.
സമുദായ വോട്ടുകൾ
തന്റെ വിജയത്തിന് പിന്നിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയുണ്ടെന്ന് മാണി.സി.കാപ്പൻ തുറന്നുസമ്മതിച്ചിട്ടുണ്ട്. ഈഴവ സമുദായത്തിന്റെ വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. പാലായിലെ ട്രെൻഡുകൾ എൽ.ഡി.എഫിന് അനുകൂലമാണെന്നും ജനങ്ങൾക്കിടയിൽ മാണി.സി.കാപ്പനോട് സഹതാപ തരംഗമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
അഞ്ച് മണ്ഡലങ്ങളിൽ കൂടി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിലവിലെ സാഹചര്യത്തിൽ പാലായിൽ നേടിയ അട്ടിമറി വിജയം എൽ.ഡി.എഫിനും സംസ്ഥാന സർക്കാരിനും നൽകുന്ന ആശ്വാസം ചെറുതല്ല, പ്രത്യേകിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നേരിട്ട ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ.