mani-c-kappan

കോട്ടയം: ചില ചാനലുകൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവർത്തകരുടെ ആവേശം കെടുത്തിയെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ പറഞ്ഞു. വോട്ടെണ്ണലിൽ തുടക്കം മുതൽ ഉണ്ടായ മുന്നേറ്റം തന്റെ വ്യക്തിപരമായ ജയമല്ലെന്നും എൽ.ഡി.എഫിന്റെ കൂട്ടായ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ചില ചാനലുകൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രവർത്തകരുടെ ആവേശം കെടുത്തി. വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു "-അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും മറ്റ് ഇടത് നേതാക്കളും നടത്തിയ പ്രചാരണം തന്റെ വിജയത്തിൽ ഏറെ നിർണായകമായെന്നും ഫലം പുറത്തുവന്നശേഷം ഇടതുമുന്നണിയുമായി ആലോചിച്ചു മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

പരമ്പരാഗതമായി യു.ഡി.എഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളിൽ വൻ മുന്നേറ്റമാണ് എൽ.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്നത്. 127 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ 4163 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി.കാപ്പനുള്ളത്. 177 ബൂത്തുകളാണ് ആകെയുള്ളത്.

വോട്ടെണ്ണൽ പൂർത്തിയാക്കിയ രാമപുരം,കടനാട് മേലുകാവ്, മൂന്നിലാവ്,തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർഎന്നീ പഞ്ചായത്തുകളിലെല്ലാം എൽ.ഡി.എഫ് ലീഡ് നേടി. അതേസമയം മുത്തോലി പഞ്ചായത്തിൽ യു.ഡി.എഫാണ് ലീഡ് നേടിയത്. പാലാ നഗരസഭയിലേയും, മീനച്ചിൽ, കൊഴുവനാൽ,ഏലിക്കുളം എന്നീ പഞ്ചായത്തുകളിലേയും വോട്ടുകളാണ് ഇനി എണ്ണാനുള്ളത്.