ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷേകർക്ക് പ്രിയങ്കരനായ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സംവിധാനത്തിനൊപ്പം അഭിനയത്തിലൂടെയും ജൂഡ് പ്രേക്ഷകനെ രസിപ്പിച്ചു. പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങി ലവ് ആക്ഷൻ ഡ്രാമയിൽ വരെയും ജൂഡിന്റെ തമാശകൾ തിയേറ്ററുകളിൽ ചിരിപടർത്തി. എന്നാൽ സിനിമയ്‌ക്കുമപ്പുറം തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കാറുമുണ്ട് താരം. ഇത് പലപ്പോഴും വിവാദങ്ങളിൽ കൊണ്ടുചെന്ന് എത്തിക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാകാറുള്ള ജൂഡിന് തന്റെ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ പലപ്പോഴും വിമർശനമേൽക്കാറുമുണ്ട്. എന്നാൽ ജൂഡ് ആന്റണി ഒരു പാവമാണെന്നും പെട്ടെന്ന് റിയാക്‌ട് ചെയ്യുന്നതു കൊണ്ടാണ് ഇത്തരം വിവാദങ്ങളിലൊക്കെ ചെന്നുപെടുന്നതെന്നാണ് സുഹൃത്തും സംവിധായകനും നടനുമൊക്കെയായ വിനീത് ശ്രീനിവാസന്റെ അഭിപ്രായം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ പ്രതികരണം. ചില ആൾക്കാരുടെ പേരുകൾ പറയുമ്പോൾ വിനീതിന് ആദ്യം ഓർമ്മ വരുന്ന കാര്യം എന്താണെന്ന അവതാരകയുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു താരം ഇങ്ങനെ പ്രതികരിച്ചത്.
വിനീതിന്റെ വാക്കുകൾ-
'ജൂഡിന്റെ ഫേസ്ബുക്ക് പോസ്‌റ്റാണ് എനിക്ക് ഓർമ്മവരുന്നത്. ഞങ്ങൾ കമന്റ്‌സ് കണ്ടാണ് ചിരിക്കാറുള്ളത്. പക്ഷേ ഇപ്പോ അവൻ അങ്ങനെ ഇടാറില്ല. ആക്‌ച്യുവലി അവൻ പാവമാണ്. പെട്ടെന്ന് റിയാക്‌ട് ചെയ്യും. അവനെ നേരിട്ടറിയുന്ന ആൾക്കാർക്കറിയാം, ഈ ഹോട്ട് ബ്ളെഡ് ഉണ്ടെന്നേയുള്ളൂ. ഫേസ്ബുക്ക് പോസ്‌റ്റുകളിൽ എനിക്ക് ഏറ്റവും രസം തോന്നിയ ഒന്നുണ്ട്. എന്തോ ഒരു സാധനം അവൻ പോസ്‌റ്റിട്ടു. അതിനു താഴെ ഒരു കമന്റുണ്ടായിരുന്നു. 'നീ തീർന്നെടാ... നീ തീർന്നു'. ഈ ഡയലോഗ് തന്നെയാണ് ബേസിൽ ജോസഫ് ഗോദയിൽ ടൊവിനോയെ കൊണ്ട് പറയിപ്പിച്ചത്'.