കോട്ടയം: പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ നേടിയത് ചരിത്ര വിജയം. 54 വർഷത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്ന് പാലാ മോചനമായെന്ന് തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് മാണി സി.കാപ്പൻ പറഞ്ഞു. എൽ.ഡി.എഫിനുള്ള അംഗീകാരമാണ് ഈ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. "പാലായിൽ ജനങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. എൽ.ഡി.എഫിന്റെ ഭരണത്തിനുള്ള അംഗീകാരം. 54 കൊല്ലത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്ന് പാല മോചിതനായി"-അദ്ദേഹം പറഞ്ഞു.
2943 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി.കാപ്പൻ നേടിയത്. 54137 വോട്ടുകൾ മാണി സി.കാപ്പന്‍ നേടിയപ്പോൾ 51194 വോട്ടുകളെ ടോം ജോസിന് നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാത്ഥി എൻ.ഹരിക്ക് 18044 വോട്ടുൾ മാത്രമാണ് ലഭിച്ചത്. യു.ഡി.എഫ് കോട്ടകൾ തകർത്ത് മികച്ച മുന്നേറ്റമാണ് മാണി സി.കാപ്പൻ നടത്തിയത്. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം.
സർവേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പൻ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പൻ തന്നെയായിരുന്നു മുന്നിൽ. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എൻ.സി.പി നേതാവാണു മാണി സി.കാപ്പൻ. കെ.എം.മാണിയുടെ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ജോസ് ടോമിന് മുന്നിലെത്താൻ സാധിക്കാത്തത് കേരള കോൺഗ്രസിനും യു.ഡി.എഫിനും കനത്ത നാണക്കേടുണ്ടാക്കി.