കോട്ടയം: പാലായിലെ ജനവിധി അംഗീകരിക്കുന്നതായും തോൽവി വിലയിരുത്തുമെന്നും കേരള കോൺഗ്രസ് എം നേതാവ് ജോസ്.കെ.മാണി പറഞ്ഞു. യു.ഡി.എഫിന് വോട്ട് കുറഞ്ഞത് പരിശോധിക്കും. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. മണ്ഡലത്തിൽ ബി.ജെ.പിയുടെ വോട്ടുകുറഞ്ഞത് എല്ലാവരും കാണണം. ബി.ജെ.പിക്കാർ എൽ.ഡി.എഫിന് വോട്ടുമറിച്ചെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിട്ടു. എന്നാൽ രണ്ടില ചിഹ്നം ലഭിക്കാത്തത് തിരിച്ചടിയായി. വോട്ടിംഗ് യന്ത്രത്തിൽ ഏഴാമതായാണ് ജോസ് ടോമിന്റെ പേരും ചിഹ്നവും ഉണ്ടായിരുന്നു. യു.ഡി.എഫിലുള്ളവരുടെ വോട്ട് മുഴുവൻ ലഭിച്ചിട്ടുണ്ടെന്നും മറ്റ് വിവാദങ്ങൾക്ക് താനില്ലെന്നും ജോസ്.കെ.മാണി വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇപ്പോഴത്തെ തോൽവി ദൈവനിശ്ചയമാണെന്നും അത് അംഗീകരിക്കുന്നുവെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ ടോം പ്രതികരിച്ചു. പാലായിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് ജയവും തോൽവിയും സ്വാഭാവികമാണ്. ഇനിയും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കും. അമിത ആത്മവിശ്വാസം വിനയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ പാലായിൽ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാണി.സി.കാപ്പൻ അട്ടിമറി വിജയം നേടി. പാലാ നിയമസഭാ മണ്ഡലത്തിൽ കെ.എം.മാണിയില്ലാതെ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കാപ്പൻ അട്ടിമറി വിജയം നേടി. തുടക്കം മുതലേ ഇടതുമുന്നണിക്കായിരുന്നു മുന്നേറ്റം. രാമപുരത്തെ ആദ്യ റൗണ്ട് പൂർത്തിയായതോടെ യു.ഡി.എഫ് കേന്ദ്രങ്ങൾ മൗനത്തിലായി. അട്ടിമറി വിജയമാണ് മാണി സി. കാപ്പൻ നേടിയത്. അരനൂറ്റാണ്ടായി കെ.എം. മാണി വിജയിച്ച മണ്ഡലത്തിലാണ് എൽ.ഡി.എഫിന്റെ അട്ടിമറി വിജയം. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് പാരായിൽ 33,472 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന് 33,499 വോട്ടും തോമസ് ചാഴികാടന് 66,971 വോട്ടുമാണ് ലഭിച്ചത്. അതുപോലും നിലനിറുത്താൻ യു.ഡി.എഫിന് കഴിഞ്ഞില്ല. കേരള കോൺഗ്രസിന്റെ തമ്മിലടിയാണ് തോൽവിയിലേക്ക് നയിച്ചത്. രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ പോലും പാർട്ടി സ്ഥാനാർത്ഥിക്ക് കഴിഞ്ഞിട്ടില്ല. അതുതന്നെ കേരള കോൺഗ്രസിന് വലിയ തിരിച്ചടിയായി.