ganagandharvan-movie-revi

ഒരു കാലത്ത് ഗായകനെന്ന നിലയിൽ പേരെടുക്കുകയെന്നാൽ ഏറെ നാളത്തെ പ്രയത്നം വേണം. ഒന്നും സാധിച്ചില്ലെങ്കിലും ജൂനിയർ യേശുദാസ് എന്ന് വിളിപ്പേര് വരാൻ ഇരിപ്പിലും നടപ്പിലും ലുക്കിലും യേശുദാസിനെ അനുകരിക്കാൻ ശ്രമിച്ച ഗായകർ ഏറെയാണ്. എന്നാൽ ഇന്ന് കാലം മാറി. ഇക്കാലത്ത് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്താലോ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായാലോ മതി താരമാകാൻ. രമേശ് പിഷാരടി സംവിധാനം ചെയ്ത രണ്ടാം സിനിമയായ 'ഗാനഗന്ധർവ്വൻ' ആഗ്രഹിച്ച ഉയരങ്ങളിൽ എത്താൻ കഴിയാത്ത് കലാസദൻ ഉല്ലാസ് എന്ന ഗാനമേള ഗായകന്റെ ജീവിതമാണ്. ഉല്ലാസിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളാണ് കഥയ്ക്ക് അധാരമാകുന്നത്.

ganagandharvan-movie-revi

പ്രേക്ഷക മനസിലേക്ക് ചോദ്യങ്ങൾ വാരിയിട്ട് ആദ്യംതന്നെ ഒരു ഗാനമേളയ്ക്കിടയിൽ നിന്ന് ഉല്ലാസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് കാണിച്ചാണ് സിനിമ തുടങ്ങുന്നത്. അറസ്റ്റ് നടക്കുന്നത് എന്തിനാണെന്ന് പറയും മുൻപ് ഉല്ലാസിന്റെ കഥാപശ്ചാത്തലം പരിചയപ്പെടുത്തേണ്ടതായിട്ടുണ്ട്. ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനെ പോറ്റാൻ ഉല്ലാസ് തെല്ലൊന്നുമല്ല കഷ്ടപ്പെടുന്നത്. ഒരു സാധാരണ ഗായകൻ നേരിടേണ്ടി വരുന്ന വ്യഥകളും സ്വന്തം ട്രൂപ്പിൽ നിന്നുള്ള കളിയാക്കലുകളും ചിത്രത്തിൽ കാണിക്കുന്നുണ്ട്. കഷ്ടപ്പാടിൽ നിന്നൊക്കെ രക്ഷപ്പെടാൻ എന്നെങ്കിലും ഒരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉല്ലാസ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ഉല്ലാസിന്റെ കഷ്ടപ്പാടിനിടയിലും തമാശയുടെ മേമ്പൊടിയുണ്ട്. ഗായകന്റെ കഥ ഒരു വശത്ത് നടക്കുമ്പോൾ ഒരിടത്ത് സാന്ദ്ര എന്ന യുവതിയെയും അച്ഛനെയും കാണിക്കുന്നു. അവർ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണെന്ന് ഒരു ആമുഖമെന്നോണം പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഉല്ലാസ് അന്നേരം തനിക്ക് ഒത്തുവന്നേക്കാവുന്ന അമേരിക്കയിലെ ഒരു പരിപാടിയെക്കുറിച്ച് ഓർത്ത് സന്തോഷിച്ചു നടക്കുകയാണ്. അങ്ങനെയിരിക്കെ ഉല്ലാസിന്റെ ജീവിതത്തിലേക്ക് സാന്ദ്രയും എത്തുന്നു. തനിക്ക് ഒട്ടും സ്വീകാര്യമല്ലാത്ത ഒരു വിഷയം ചെയ്ത് തരണമെന്ന് സാന്ദ്ര ഉല്ലാസിനോട് ആവശ്യപ്പെടുന്നു. തന്റെ കുടുംബജീവിതത്തെ പാടേ തകർക്കാവുന്ന ഒരിടപാടാണിത് എന്ന് മനസിലാക്കിയിട്ടും ഒടുവിൽ ഉല്ലാസ് അതിന് സമ്മതം മൂളുന്നു. കാര്യങ്ങളൊക്കെ കുഴപ്പമില്ലാതെ പോകവേ നിർഭാഗ്യവശാൽ ഉല്ലാസിന് എല്ലാം പിഴയ്ക്കുന്നിടത്ത് ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നു.

ganagandharvan-movie-revi

പിന്നീടങ്ങോട്ട് ജീവിതം തിരിച്ചുപിടിക്കാനുള്ള ഉല്ലാസിന്റെ പോരാട്ടമാണ്. ആദ്യ പകുതിയിൽ ചില അനാവശ്യ രംഗങ്ങൾ കാരണവും മെല്ലെപ്പോക്ക് കാരണവും അൽപ്പമൊന്ന് തണുത്ത് പോയെങ്കിലും രണ്ടാം പകുതിയോടെ ചിത്രം മെച്ചപ്പെട്ട് തുടങ്ങും. ചിരിയുണർത്താൻ ചെയ്ത രംഗങ്ങളേക്കാൾ രണ്ടാം പകുതിയിലെ നാടകീയ രംഗങ്ങളാണ് സിനിമയുടെ ആത്മാവ്. സഹതാരങ്ങളെ അവതരിപ്പിച്ച മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, മുകേഷ് എന്നിവർ കൈയ്യടി നേടി. ചിലയിടത്ത് പാളി പോയെങ്കിലും കെട്ടുറപ്പോടെയാണ് ചിത്രം അവസാനിക്കുന്നത്.

സാധാരണക്കാരിൽ സാധാരണക്കാരനായ ഉല്ലാസിനെ തികച്ചും തന്മയത്വത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള പാടവം ഈ ചിത്രത്തിലും വ്യക്തമാണ്. മമ്മൂട്ടി എന്ന താരത്തെ ഉപയോഗിക്കാത്തതിലൂടെ കഥാപാത്രത്തതിന്റെ സ്വത്വം നിലനിർത്താനായി. ആകെയുള്ള ഒരു സംഘട്ടന രംഗത്തിൽ പോലും ഉല്ലാസ് എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിന് വിപരീതമായി ഒന്നുമില്ല എന്ന് പറയാം. സാന്ദ്രയായി എത്തുന്നത് അതുല്ല്യ ചന്ദ്രയാണ്. ഉല്ലാസിന്റെ ഭാര്യാവേഷം അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖമായ വന്ദിത മനോഹരനാണ്. ഇന്നസെന്റ്, സുനിൽ സുഗത, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്

ganagandharvan-movie-revi

പഴയ ഹിറ്റ് ഗാനങ്ങളിൽ ചിലതൊക്കെ സിനിമയിൽ പലയിടത്തായിട്ടുണ്ട്. ചിത്രത്തിന് ഉതകുന്ന രീതിയിലുള്ള ലൈറ്റ് മൂഡ് ഗാനങ്ങളാണ് ദീപക് ദേവ് ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകനെ കുറുക്കുവഴികളിലൂടെ കൊണ്ട് പോകാതെയുള്ള കഥപറച്ചിലാണ് രമേശ് പിഷാരടി 'ഗാനഗന്ധർവനി'ൽ അവലംബിച്ചിരിക്കുന്നത്. അവസാനം ചെറിയൊരു ട്വിസ്റ്റ് ഒളിപ്പിച്ച് സിനിമയ്ക്കൊരു 'ഫിനിഷിംഗ് ടച്ച്' കൂടി കൊടുത്തിട്ടുണ്ട് അദ്ദേഹം.

വാൽക്കഷണം: ഗാനഗന്ധർവ്വന്റെ ഗാനം നല്ലതാണ്

റേറ്റിംഗ്: 3/5