തിരുവനന്തപുരം: മാണി സി കാപ്പൻ നടത്തി വന്ന പ്രവർത്തനത്തിന്റെ അംഗീകാരവും ഇടതു മുന്നണിയുടെ മുന്നേറ്റവുമാണ് പാലായിൽ കണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ സാഹചര്യമല്ല ഇന്നുള്ളത്. കേരള രാഷ്‌ട്രീയം എൽ.ഡി.എഫിനൊപ്പമാണ് എന്നുള്ളതാണ് പാലാ റിസൾട്ട് വ്യക്തമാക്കുന്നത്. യു.ഡി.എഫ് തകർന്നു കഴിഞ്ഞു. വരുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് നൽകുന്ന സന്ദേശമാണിത്. യു.ഡി.എഫിന്റെ ഓരോ ദുഷ്‌ചെയ്‌തികളും ജനങ്ങൾ ഇപ്പോഴാണ് മനസിലാക്കുന്നതെന്ന് കോടിയേരി പറഞ്ഞു. പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ വിജയത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
യു.ഡി.എഫിന്റെ കോട്ട തകർന്നു കഴിഞ്ഞു. ബി.ജെ.പിയിൽ നിന്ന് വോട്ട് കിട്ടിയിട്ടും യു.ഡി.എഫിന് രക്ഷപ്പെടാൻ സാധിച്ചില്ല. ബി.ജെ.പി, സ്ഥാനാർത്ഥിയെ നിറുത്തിയതു തന്നെ യു.ഡി.എഫിനെ സഹായിക്കാനാണ്. യു.ഡി.എഫിനോടു കൂടി ആലോചിച്ചാണ് ബി.ജെ.പി സ്ഥാനാർത്ഥിയെ നിറുത്തിയതു തന്നെ. വോട്ട് ദിവസം യു.ഡി.എഫിന് ബി.ജെ.പി വോട്ട് മറിക്കുകയായിരുന്നെന്നും കോടിയേരി വിമർശിച്ചു.
അതേസമയം, തന്റെ വിജയത്തിലൂടെ കേരളകോൺഗ്രസ് കോട്ടയെന്ന 54 വർഷത്തെ പാലയുടെ ചരിത്രമാണ് മാണി സി കാപ്പൻ തിരുത്തി എഴുതിയത്. 54,137 വോട്ടാണ് മാണി സി കാപ്പന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം 51,194 വോട്ട് നേടിയപ്പോൾ എൻ.ഡി എ സ്ഥാനാർത്ഥി എൻ.ഹരിക്ക് 18,044 വോട്ടാണ് ലഭിച്ചത്. പാലായുടെ ചരിത്രത്തിൽ ആദ്യമായാണ് കെ.എം മാണി അല്ലാത്ത ഒരു നേതാവ് നിയമസഭയിലേക്ക് എത്തുന്നത്.