nisha-jose-k-mani

കോട്ടയം: പാലായിലെ തിരഞ്ഞെടുപ്പ് ഫലം തോൽവിയായി കാണുന്നില്ലെന്ന് കേരള കോൺഗ്രസ് (എം)നേതാവ് ജോസ്.കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ.മാണി പറഞ്ഞു. കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ്ഫോമായാണ് ഈ തിരഞ്ഞെടുപ്പ് പരാജയത്തെ കാണുന്നതെന്നും നിഷ വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയെ അംഗീകരിക്കുന്നെന്ന് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. തോൽവിൽ പതറില്ലെന്നും ജന വിശ്വാസം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരാജയ കാരണം വസ്തുതാപരമായി പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിട്ടു. എന്നാൽ, രണ്ടില ചിഹ്നം ലഭിക്കാത്തത് തിരിച്ചടിയായി. വോട്ടിംഗ് യന്ത്രത്തിൽ ഏഴാമതായാണ് ജോസ് ടോമിന്റെ പേരും ചിഹ്നവും ഉണ്ടായിരുന്നു. യു.ഡി.എഫിലുള്ളവരുടെ വോട്ട് മുഴുവൻ ലഭിച്ചിട്ടുണ്ടെന്നും മറ്റ് വിവാദങ്ങൾക്ക് താനില്ലെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.

പാലായിൽ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി.കാപ്പൻ അട്ടിമറി വിജയം നേടിയത്. 54137 വോട്ടുകൾ മാണി സി.കാപ്പൻ നേടിയപ്പോൾ 51194 വോട്ടുകളെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്‌ നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാർത്ഥി എൻ.ഹരിക്ക് 18044 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 54 വർഷമായി കെ.എം മാണി വിജയിച്ച മണ്ഡലത്തിലാണ് എൽ.ഡി.എഫിന്റെ അട്ടിമറി വിജയം.