pala-by-election

തിരുവനന്തപുരം: 54 വർഷത്തെ ചരിത്രം തിരുത്തിയെഴുതി പാലാ നിയോജക മണ്ഡലത്തിൽ മാണി സി.കാപ്പൻ നേടിയ അട്ടിമറി വിജയത്തിന്റെ ആവേശത്തിലാണ് ഇടതുക്യാമ്പ്. പാലാ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയം ഇടതുപക്ഷത്തിന് അനകൂലമാണെന്ന് തെളിയിക്കുന്നതാണെന്നും വരുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്കുള്ള സന്ദേശമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌‌ണൻ വ്യക്തമാക്കിയിട്ടുണ്ട്. ജനവിധി അംഗീകരിച്ച് എൽ.ഡി.എഫ് പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പാലാ ജയത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഊർജ്ജത്തോടെയാണ് ഇടതുക്യാമ്പ് പ്രവർത്തിക്കുന്നതെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻനേട്ടത്തിന് പിന്നാലെ ലഭിച്ച അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് വലതുക്യാമ്പ്. അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ പോലും വലതുമുന്നണിക്കായിട്ടില്ല. ഇടതുപക്ഷമാകട്ടെ ഒന്നാം ഘട്ട പ്രചാരണവും ബൂത്ത് തല പ്രവർത്തനങ്ങളും ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. അതേസമയം, പാലാ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പി പാളയത്തിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഏഴായിരത്തോളം വോട്ടുകളാണ് ഇത്തവണ കുറവ് വന്നത്. അതിനിടയിൽ മണ്ഡലത്തിൽ വോട്ടുകച്ചവടം സംബന്ധിച്ച ആരോപണം ഉയർന്നതും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. പാലാ ഫലത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മുന്നണികളും അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് എങ്ങനെ നേരിടുമെന്ന് പരിശോധിക്കാം.

pala-by-election

യുവരക്തത്തിന്റെ തുടിപ്പിൽ പാലാ ഫലത്തിലേറി എൽ.ഡി.എഫ്

സഖ്യകക്ഷിയായ എൻ.സി.പിയുടെ സ്ഥാനാർത്ഥി മത്സരിച്ചിട്ടും പാർട്ടി സംവിധാനങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തി ശക്തമായ പ്രചാരണമാണ് സി.പി.എം പാലായിൽ നടത്തിയത്. കൊട്ടിഘോഷിച്ചുള്ള പ്രചാരണത്തേക്കാൾ ഭവന സന്ദർശനവും കുടുംബ സദസുകളും വഴി സാധാരണ വോട്ടർമാരെ ഒപ്പം നിറുത്താനാണ് സി.പി.എം ശ്രമിച്ചത്. ചെങ്ങന്നൂരിലും പാലായിലും പരീക്ഷിച്ച് വിജയിച്ച ഇതേമാർഗം തന്നെ സി.പി.എം അഞ്ച് മണ്ഡലങ്ങളിലും പുറത്തെടുക്കുമെന്ന് ഉറപ്പ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും മന്ത്രിമാരെയും ഓരോ മണ്ഡലത്തിലും പ്രചാരണത്തിന്റെ ഏകോപനത്തിനായി നിയമിക്കുകയും ഓരോ പഞ്ചായത്തിലും ഓരോ എം.എൽ.എമാർക്ക് ചുമതല നൽകുകയും ചെയ്യുന്ന തന്ത്രം ഇവിടെയും പുറത്തെടുക്കും. ഭവന സന്ദർശനത്തിൽ ഒതുങ്ങിനിൽക്കാതെ സോഷ്യൽ മീഡിയ വഴിയും കാര്യക്ഷമമായ പ്രചാരണം നടത്താനാണ് സി.പി.എം തീരുമാനം. ഉപതിരഞ്ഞെടുപ്പ് ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ റിഹേർസൽ ആയും സർക്കാരിന്റെ വിലയിരുത്തലായും കണ്ട് കാര്യക്ഷമമായ പ്രചാരണ പരിപാടികളാവും സി.പി.എം നടത്തുക. എതിർ സ്ഥാനാർത്ഥികളെ ആക്ഷേപിക്കാത്ത തരത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാകും തിരഞ്ഞെടുപ്പ് പ്രചാരണമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കുന്നു.

pala-by-election

തിരിച്ചടിയിൽ തളരില്ലെന്ന് ഉറച്ച് യു.ഡി.എഫ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെയും പാലാ ചതിക്കില്ലെന്ന അമിത ആത്മവിശ്വാസത്തിന്റെയും ബലത്തിലാണ് യു.ഡി.എഫ് ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാൽ കേരള കോൺഗ്രസിലെ അധികാര തർക്കവും അഴിമതി ആരോപണങ്ങളും ആദ്യമേ തിരിച്ചടിയായി. കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ തീർക്കാൻ കോൺഗ്രസ് നേതാക്കൾ കിണഞ്ഞുശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. 54 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ഇടതുമുന്നണി പാലായിൽ വെന്നിക്കൊടി പാറിച്ചു. ഇപ്പോൾ ലഭിച്ചത് ഷോക്ക് ട്രീറ്റ്‌മെന്റാണെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. പാലായിലെ അപ്രതീക്ഷിത തിരിച്ചടി ഒരു പാഠമായി കണ്ട് തിരുത്തലുകൾ വരുത്തി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് യു.ഡി.എഫ് പദ്ധതി. നിലവിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ മാത്രമേ യു.ഡി.എഫിന് കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള അരൂർ, കോന്നി, എറണാകുളം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി തർക്കം തുടരുകയാണ്. അധികം വൈകാതെ തന്നെ സ്ഥാനാർത്ഥികളുടെ സാധ്യതാപ്പട്ടിക ഹൈക്കമാൻഡിന് നൽകി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് കോൺഗ്രസ് നേതാക്കളുടെ ധാരണ. ഇതിനായി നേതാക്കൾ അടിയന്തര കൂടിക്കാഴ്‌ചകൾ നടത്തുന്നുണ്ട്. മുന്നണിയിലെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാനുള്ള നീക്കമായിരിക്കും ഇനി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ പിന്നിലാകുമെങ്കിലും അവസാന റൗണ്ടുകളിൽ മുന്നിലെത്താമെന്ന പതിവ് പ്രതീക്ഷയാണ് നേതാക്കൾ വച്ചുപുലർത്തുന്നത്.

pala-by-election

രാജഗോപാലിന് കൂട്ടുതേടി ബി.ജെ.പി

ശബരിമല വിഷയം ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം പാലാ ഉപതിരഞ്ഞെടുപ്പിൽ ഏഴായിരത്തിലേറെ വോട്ടുകൾ കുറഞ്ഞത് ബി.ജെ.പിയിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ മണ്ഡലത്തിൽ നിന്നുയർന്ന വോട്ടുകച്ചവട വിവാദവും ആരോപണങ്ങളും പാർട്ടിയെ വെട്ടിലാക്കി. എൻ.ഡി.എക്കൊപ്പം നിന്ന ജനപക്ഷ പാർട്ടിയിലെ പ്രവർത്തകർ പോലും കാപ്പന് വോട്ടുചെയ്‌ത പി.സി.ജോർജിന്റെ പ്രസ്‌താവനയും പാർട്ടി നേതൃത്വത്തെ കുഴക്കുന്നുണ്ട്. എന്നാൽ ഇതൊന്നും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ജയസാധ്യതയെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് പാർട്ടി നേതൃത്വം. ജയസാധ്യത കൽപ്പിക്കുന്ന വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വമ്പന്മാരെ ഇറക്കി നിയമസഭയിൽ ഒ.രാജഗോപാലിന് ശേഷം മറ്റൊരു ബി.ജെ.പി എം.എൽ.എയെകൂടി എത്തിക്കാനാണ് തീരുമാനം. ഇതിനായി ബൂത്ത് തല പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ ആർ.എസ്.എസിന്റെ സംവിധാനങ്ങൾ കൂടി ചേരുന്നതോടെ വിജയം കൈപ്പിടിയിൽ ഒതുക്കാമെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. എന്നാൽ അഞ്ചിടങ്ങളിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിയാത്തത് ബി.ജെ.പിയെ കുഴയ്‌ക്കുന്നുണ്ട്. മുതിർന്ന നേതാക്കളായ കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവർ തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.

2020ൽ തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനാൽ ഉപതിരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും അതിനിർണായകമാണ്.