ഡോക്ടറുടെ മുഖത്ത് ശാന്തത തെളിയുന്നത് എല്ലാവരും കണ്ടു.''ഇനി ഭയപ്പെടാനില്ല...." ഡോക്ടർ പുഞ്ചിരിച്ചു. ''പക്ഷേ ഒരു മണിക്കൂർ കൂടി വൈകിയിരുന്നെങ്കിൽ..."
ഹേമലതയ്ക്ക് ആശ്വാസമായി. എങ്കിലും അല്പംകൂടി വൈകിയിരുന്നുവെങ്കിൽ എന്ന ഡോക്ടറുടെ വാചകം അവളെ നടുക്കം കൊള്ളിച്ചു.
ഡോക്ടർ തന്റെ ക്യാബിനിലേക്കു പോയി. സി.ഐ അലിയാരും ഒപ്പം ചെന്നു.
ഡോക്ടർ, അലിയാരെ സ്വീകരിച്ചിരുത്തി.
''ടെൽമീ ഡോക്ടർ.... കുട്ടികൾക്ക് എന്താണു സംഭവിച്ചത്?"
മേശപ്പുറത്ത് കൈ മുട്ടുകൾ ഊന്നി അലിയാർ, ഡോക്ടറുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.
''എന്തോ ഒരു പച്ചമരുന്നുകൊണ്ട് കുട്ടികളെ അബോധാവസ്ഥയിൽ ആക്കിയതാണ്. പക്ഷേ അത് എന്താണെന്നു വ്യക്തമല്ല. ഹൃദയസ്പന്ദനം പതുക്കെപ്പതുക്കെ കുറയുവാൻ ആ മരുന്നിനു കഴിയും എന്നുള്ളത് ഉറപ്പാണ്!"
പച്ചമരുന്ന്!
അലിയാരുടെ നെറ്റിയിൽ ഞരമ്പുകൾ പിടഞ്ഞുപൊങ്ങി. ചിലന്തിക്കാലുകൾ പോലെ...
''പിന്നെ." ഡോക്ടർ തുർന്നു. ''തലകീഴായി കിടന്നിരുന്നതിനാൽ കുട്ടികൾക്ക് രക്തസമ്മർദ്ദവും ഏറിയിട്ടുണ്ട്. ഏതായാലും കുട്ടികൾ തൽക്കാലം മരിക്കുവാൻ ആരും ആഗ്രഹിച്ചില്ലെന്നു വ്യക്തം."
അലിയാർ അമർത്തി മൂളിക്കൊണ്ട് എഴുന്നേറ്റു.
''താങ്ക്യൂ ഡോക്ടർ..."
ഇതൊരു കുഴഞ്ഞുമറിഞ്ഞ കേസാണെന്ന് അലിയാർക്ക് ഉറപ്പായി. കിടാവിന്റെ മകനെയും മരുമകളെയും വിശദമായി ചോദ്യം ചെയ്തേ പറ്റൂ....
ആ തീരുമാനത്തോടെ അലിയാർ സ്റ്റേഷനിലേക്കു മടങ്ങി.
*** ***
രാവിലെ 9 മണി.
ആരവിനെയും ആരതിയെയും കാണുവാൻ ഡോക്ടർ മറ്റുള്ളവരെ അനുവദിച്ചു.
തളർന്ന വാഴത്തട പോലെയായിരുന്നു കുട്ടികൾ.
രക്തം മുഴുവൻ വലിച്ചെടുക്കപ്പെട്ടതു പോലെ വിളറിവെളുത്ത മുഖങ്ങൾ.
സങ്കടത്താൽ മനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നെങ്കിലും ഹേമലത മക്കളുടെ മുന്നിൽ വച്ചു കരഞ്ഞില്ല.
ഐ.സി.യൂവിൽ നിന്നു പുറത്തിറങ്ങിക്കഴിഞ്ഞ് സുരേഷിനോടും ഹേമലതയോടുമായി ശേഖര കിടാവ് പറഞ്ഞു:
''ഞാനിവിടെ നിൽക്കാം. നിങ്ങൾ കോവിലകത്തു പോയി ഒന്നു ഫ്രഷായി വന്നോളൂ. രാത്രി മുഴുവൻ ഉറക്കം നിന്നതല്ലേ?"
''അതുമതി. ചെല്ല്."
ശ്രീനിവാസ കിടാവും പറഞ്ഞു.
മകനെയും മരുമകളെയും കോവിലകത്ത് എത്തിച്ച ശേഷം എം.എൽ.എയും സ്വന്തം വീട്ടിലേക്കു മടങ്ങി.
വാതിൽ തുറന്ന് അകത്തേക്കു കയറുമ്പോൾ ഹേമലത, സുരേഷിനെ ഒരിക്കൽക്കൂടി
ഓർമ്മപ്പെടുത്തി:
''ഞാൻ നേരത്തെ പറഞ്ഞത് സുരേഷ് മറന്നിട്ടില്ലല്ലോ... കുഞ്ഞുങ്ങൾ ഡിസ്ചാർജ് ചെയ്യപ്പെട്ടാൽ നമ്മൾ നേരെ ചുങ്കത്തറയിലെ വീട്ടിലേക്കു പോകും. ഇനി ഈ കോവിലകത്ത് ഒരു ഭാഗ്യപരീക്ഷണത്തിനു ഞാനില്ല. തലനാരിഴയ്ക്കാണ് മക്കളെ നമുക്ക് തിരിച്ചുകിട്ടിയത്."
''നമുക്കാലോചിക്കാം."
സുരേഷ് ചിന്തയോടെ ചുണ്ടനക്കി.
''ആലോചിക്കാനൊന്നുമില്ല." ഇരുവരും സംസാരിച്ചുകൊണ്ട് അക വരാന്തയിലൂടെ നിങ്ങുകയായിരുന്നു.
പെട്ടെന്ന് സുരേഷ് നിന്നു.
''അതെന്താ?"
അയാൾ നോക്കിയ ഭാഗത്തേക്കു ഹേമലതയും നോക്കി.
നടുമുറ്റത്തിന്റെ ഒരു ഭാഗം കിളച്ചിളക്കിയിരിക്കുന്നു... അവിടെ വെളുത്ത നിറത്തിൽ എന്തോ ചിതറിക്കിടക്കുന്നു....!
ആകാംക്ഷയോടെ സുരേഷ് നടുമുറ്റത്തേക്കു ചാടി.
ആ കാഴ്ച അയാളെ നടുക്കി.
പിന്നിൽ നിന്നാരോ ഷർട്ടിന്റെ കോളറിൽ പിടിച്ചതു പോലെ നിന്നുപോയി അയാൾ...
അസ്ഥിക്കഷണങ്ങൾ....
ഒപ്പം ഒരു തലയോട്ടിയും.
നേരിയ ദുർഗ്ഗന്ധം അവിടെമാകെ പരന്നിരിക്കുന്നു....!
''ഹോ..."
സുരേഷ് മുഖം വെട്ടിത്തിരിച്ചു.
വരാന്തയിലൂടെത്തന്നെ അവിടേക്കു ചെന്ന ഹേമലത അലറിക്കൊണ്ട് പിൻതിരിഞ്ഞോടി...
*****
ക്വാർട്ടേഴ്സിലെത്തി, കുളിച്ചു വേഷം മാറി തിരികെ സ്റ്റേഷനിൽ എത്തിയതേ ഉള്ളായിരുന്നു സി.ഐ അലിയാർ....
ആരും പ്രതീക്ഷിക്കാത്ത എന്തോ ഒന്നാണ് വടക്കേ കോവിലകത്തു നടക്കുന്നതെന്ന് അയാൾക്ക് ഉറപ്പാണ്.
ഹേമലതയെയും സുരേഷിനെയും വിശദമായി ചോദ്യം ചെയ്തേ പറ്റൂ. എല്ലാവരും എന്തൊക്കെയോ മറയ്ക്കുന്നതു പോലെ ഒരു തോന്നൽ.
ഒരു കേസും അധികനാൾ നീട്ടിക്കൊണ്ടു പോകുന്നത് ഇഷ്ടമല്ല അലിയാർക്ക്.
അയാൾ ഫോൺ എടുത്തു. സുരേഷിനെ വിളിക്കണം. അയാൾ ഹോസ്പിറ്റലിലോ അതോ കോവിലകത്തോ, എവിടെയാണെന്ന് അറിയണം, പിന്നെ ആഢ്യൻപാറയിലെ ജോലിക്കാരെ ക്വസ്റ്റ്യൻ ചെയ്യണം.
ആ തീരുമാനത്തോടെ സുരേഷിന്റെ നമ്പരിൽ വിളിക്കാനാഞ്ഞതും പെട്ടെന്നു ഫോൺ ഇരമ്പി.
അലിയാർ കണ്ടു, 'സുരേഷ് കാളിംഗ്."
ഫോൺ കാതിലമർത്തി.
''ഞാൻ അങ്ങോട്ട് വിളിക്കാൻ ഭാവിക്കുകയായിരുന്നു സുരേഷ്. നിങ്ങളെവിടെയാ?"
''സാർ... കോവിലകത്താണ്. പക്ഷേ ഇവിടെ..... കുറെ അസ്ഥിക്കഷണങ്ങൾ... നടുമുറ്റത്ത്..."
''ങ്ഹേ?"
സി.ഐ അലിയാർ ചാടിയെഴുന്നേറ്റു.
(തുടരും)