കോട്ടയം: 54 വർഷം കെ.എം മാണി വിജയിച്ച പാല മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ ചരിത്രം വിജയം കരസ്ഥമാക്കിയതോടെ അടുത്ത ചോദ്യത്തിന് ഉത്തരം പറയേണ്ടിനവരിക ബി.ജെ.പിയാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയതിനേക്കാൾ ഏഴായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞത് എട്ടായിരത്തോളം വോട്ടുകൾ.
2016ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ സ്ഥാനാർത്ഥി എൻ.ഹരി തന്നെയായിരുന്നു മത്സരിച്ചത്. അന്ന് ഹരിക്ക് 24,821 വോട്ടാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 18,044 വോട്ടുകൾ മാത്രമാണ് പെട്ടിയിൽ വീഴ്ത്താൻ സാധിച്ചത്. കേന്ദ്രത്തിലെ മോദി തരംഗവും ശബരിമല വിഷയവും അനുകൂലമാക്കാൻ നേതൃത്വത്തിന് കഴിയാത്തത് ഭാവിയിൽ പാർട്ടിയിൽ ചർച്ചയാവുമെന്ന കാര്യത്തിൽ സംശയമില്ല. അനുകൂല തരംഗം സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും വോട്ട് കുറഞ്ഞ ഈ തിരഞ്ഞെടുപ്പ് പാർട്ടി ആരുടെ തലയിൽ കെട്ടിവയ്ക്കുമെന്നത് കണ്ടറിയണം.
അതേസമയം, ഇടക്കാലത്ത് ശമിച്ചിരുന്ന ബി.ജെ.പിയിലെ വോട്ട് മറിക്കൽ ആരോപണം പാലയിലും ഉയർന്നുവന്നത് പാർട്ടിക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. ജില്ലാ പ്രസിഡന്റും പാലാ ഉപതിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥിയായ എൻ.ഹരിയും മണ്ഡലം പ്രസിഡന്റ് ബിനുപുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം കമ്മിറ്റിയുമാണ് പരസ്പരം ആരോപണ പ്രത്യാരോപണം നടത്തുന്നത്. ഫലം പുറത്തുവന്നതോടെ അടി കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന.
വോട്ട് കാര്യമായി കുറഞ്ഞാൽ തിരഞ്ഞെടുപ്പിന് ചുമതല വഹിച്ചിരുന്നവർക്കെതിരെ നടപടി വരുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ നിയോജക മണ്ഡലം പ്രസിഡന്റ് ബിനുപുളിക്കകണ്ടത്തിനെ പുറത്താക്കിയെന്ന ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയിലൂടെയാണ് അടി പുറത്തേക്ക് വന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വീഴ്ച വരുത്തി എന്നതായിരുന്നു ആരോപണം.
അതേസമയം,വോട്ടെണ്ണൽ തുടങ്ങി രാമപുരം പഞ്ചായത്തിൽ മാണി സി. കാപ്പന് ലീഡ് ലഭിച്ചപ്പോൾ ഉയർന്നുവന്നത് ഈ ആരോപണം തന്നെയാണ്. രാമപുരത്ത് ബി.ജെ.പിക്ക് നഷ്ടപ്പെട്ട വോട്ടുകളാണ് മാണി സി കാപ്പന് ലഭിച്ചതെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം ഉന്നയിച്ചത്. ഫലം പുറത്തുവന്നതോടെ ജോസ്.കെ മാണിയും ഉമ്മൻചാണ്ടിയും ഈ ആരോപണം വീണ്ടും ഉന്നയിക്കുകയും ചെയ്തു. ഇതിനിടെ എൻ.ഡി.എയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ വോട്ട് ഹരിക്ക് ലഭിച്ചില്ലെന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്. മറ്റ് അഞ്ചിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നേതൃത്വം ഇക്കാര്യത്തിൽ ഉടൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചേക്കുമെന്നാണ് കരുതുന്നത്.