നാസ: ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തിലെ വിക്രം ലാൻഡർ
ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതു തന്നെയാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഔദ്യോഗികമായി അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തിന്റെയും ലാൻഡർ ഇടിച്ചിറങ്ങിയെന്ന് കരുതുന്ന സ്ഥലത്തിന്റെയും ചിത്രങ്ങളും നാസ പുറത്തു വിട്ടു. നാസയുടെ ലൂണാർ റെക്കണൈസാൻസ് ഓർബിറ്റർ എന്ന ഉപഗ്രഹം ദക്ഷിണധ്രുവത്തിന് മീതേ പറന്നപ്പോൾ എടുത്ത ചിത്രങ്ങളാണിവ. ഇതിൽ ലാൻഡറിന്റെ ദൃശ്യം ഇല്ല.
സെപ്‌തംബർ 7നാണ് ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്. സെപ്തംബർ 17നാണ് നാസ പേടകം ഈ ചിത്രങ്ങൾ പകർത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 150 കിലോമീറ്റർ വിസ്‌തൃതിയിലുള്ള പ്രദേശത്തിന്റെ ചിത്രങ്ങളാണിത്. ചന്ദ്രനിൽ അപ്പോൾ സൂര്യാസ്‌തമയമായിരുന്നതിനാൽ ചിത്രത്തിന് നല്ല വ്യക്തതയില്ല. മാൻസിനസ് - സി, സിമ്പേലിയസ് - എൻ എന്നീ ഗർത്തങ്ങളും അവയ്‌ക്കിടയിൽ ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലവും ചിത്രത്തിൽ കാണാം. ഇടിച്ചിറങ്ങിയ ലാൻഡറിനെ ചിത്രത്തിലെങ്ങും കാണാനില്ല. ലാൻഡർ എവിടെയെങ്കിലും നിഴലിൽ മറഞ്ഞു കിടക്കുകയാവും എന്നും നാസയുടെ അറിയിപ്പിൽ പറയുന്നു. ഒക്ടോബറിൽ ഈ പ്രദേശത്ത് സൂര്യപ്രകാശം പതിക്കുന്ന സമയത്ത് നാസയുടെ പേടകം കൂടുതൽ ചിത്രങ്ങൾ പകർത്തും. അപ്പോൾ ലാൻഡറിനെ കണ്ടെത്താൻ കഴിഞ്ഞേക്കും. ചന്ദ്രയാൻ 2 ഓർബിറ്ററും നാസയുടെ പേടകവും കൃത്യമായ ഇടവേളകളിൽ ഈ പ്രദേശങ്ങൾക്ക് മീതേ പറന്ന് ചിത്രങ്ങൾ പകർത്തുന്നുണ്ട്. സൂര്യപ്രകാശം പതിക്കുമ്പോൾ ലാൻഡറിനെ കണ്ടെത്താമെന്നാണ് പ്രതീക്ഷ.