ലക്‌നൗ: രണ്ടുവർഷം നീണ്ട സസ്‌പെൻഷനും ജയിൽവാസത്തിനുമൊടുവിൽ ഡോ. കഫീൽഖാന് അന്വേഷണ കമ്മിഷന്റെ ക്ലീൻ ചിറ്റ്. ഗോരഖ്പൂരിൽ സംസ്ഥാന സർക്കാരിന്റെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വകുപ്പുതല അന്വേഷണ സമിതി കണ്ടെത്തി.
'സംഭവത്തിൽ ഡോ. ഖാൻ ചികിത്സാപ്പിഴവോ, കുറ്റകരമായ അനാസ്ഥയോ കാട്ടിയെന്നതിന് തെളിവില്ല. കഫീൽ ഖാൻ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു. ഓക്സിജൻ സിലിണ്ടറുകളുടെ ഓർഡർ നൽകുന്ന പ്രോസസിൽ ഖാൻ ഭാഗമല്ല. ഡോക്ടർക്കെതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ല.' - മെഡിക്കൽ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി.
2017 ആഗസ്റ്റ് 10നാണ് 60 ഓളം കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ ആശുപത്രിയിൽ മരണമടഞ്ഞത്. ഓക്സിജൻ കുറവാണെന്ന കാര്യം കഫീൽ ഖാൻ അറിയിക്കാതിരുന്നതാണ് കൂട്ടമരണത്തിനിടയാക്കിയതെന്നാരോപിച്ചാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവ ആയിരുന്നു കഫീലിനുമേൽ ചുമത്തിയ കുറ്റങ്ങൾ. തുടർന്ന് എ.ഇ.എസ് വാർഡിന്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സസ്‌പെൻഡ് ചെയ്തു. കേസിൽ മൂന്നാം പ്രതിയാക്കി. എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25നാണ് ഖാന് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോർട്ടെങ്കിലും സംസ്ഥാന സർക്കാർ ഇത് നിഷേധിച്ചിരുന്നു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗോരഖ്പൂരെന്നും ഇതിനാലാണ് മരണം സംഭവിച്ചതെന്നുമായിരുന്നു സർക്കാരിന്റെ വാദം.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണിത്
2017 ആഗസ്റ്റിൽ 290 കുട്ടികൾ ആശുപത്രിയിൽ മരിച്ചതായാണ് ഔദ്യോഗിക കണക്ക്
ഇതിൽ 213 കുട്ടികളും നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. ആ ശപിക്കപ്പെട്ട ദിവസം, ഒരു ഡോക്ടർ, അച്ഛൻ, സാധാരണക്കാരൻ എന്ന നിലയിൽ ചെയ്യേണ്ടതാണ് ചെയ്തത്. കുട്ടികളുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്. പക്ഷേ, ഞാൻ തടവിലാക്കപ്പെട്ടു. മാദ്ധ്യമവിചാരണയിൽ കുറ്റവാളിയായി. ജോലി നഷ്ടമായി. എന്റെ കുടുംബം വരെ വേട്ടയാടപ്പെട്ടു. മനുഷ്യനുണ്ടാക്കിയ ദുരന്തമായിരുന്നു അത്. ഓക്സിജൻ സപ്ളൈയേഴ്സിന്റെ പണം അടയ്ക്കണമെന്ന കത്തുകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാവില്ലായിരുന്നു.'
-ഡോ. കഫീൽ ഖാൻ