കോട്ടയം: റേഷൻ നൽകാഞ്ഞതിന് കാർഡ് ഉടമയ‌്‌ക്ക് നഷ്‌ടപരിഹാരം അനുവദിക്കാനും കടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും ഭക്ഷ്യസുരക്ഷാ ഗ്രീവൻസ് ഓഫീസറുടെ ഉത്തരവ്. സംസ്ഥാനത്ത് ആദ്യമായാണ് ഉത്തരമൊരു നടപടി. മള്ളൂശേരി നിർമ്മിതി കോളനിയിലെ മാരിയമ്മാൾക്കാണ് 835 രൂപ നഷ്‌ടപരിഹാരം അനുവദിച്ചത്. കുമരകം കുരിയിൽ ഉണ്ണിക്കൃഷ്‌ണൻ നായരുടെ 195 -ാം നമ്പർ റേഷൻ കടയാണ് സീൽ ചെയ്തത്.

റേഷൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്ന് കള്ളം പറഞ്ഞ് രണ്ടു മാസമായി മാരിയമ്മാൾക്ക് കടയുടമ റേഷൻ നിഷേധിക്കുകയായിരുന്നു. തുടർന്നാണ് ഇവർ ജില്ലാ കളക്‌ടറെ സമീപിച്ചത്. ജില്ലാ ഭക്ഷ്യസുരക്ഷാ ഗ്രീവൻസ് ഓഫീസർകൂടിയായ എ.ഡി.എം ടി.കെ. വിനീത് കടയുടമയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തി മൊഴിയെടുത്തു.

ഇന്നലെ റേഷനിംഗ് ഇൻസ്‌പെക്‌ടർ അടക്കമുള്ളവർ എത്തിയപ്പോൾ കട തുറന്നിട്ട ശേഷം ഉടമ സ്ഥലം വിട്ടു. ഏറെ കഴിഞ്ഞും ഇയാൾ എത്താതെ വന്നതോടെ, വില്ലേജ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ സ്റ്റോക്ക് തിട്ടപ്പെടുത്തി കട സീൽ ചെയ്തു. എന്നാൽ, രോഗിയായ തന്നെ അധികൃതർ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ കടയുടമ കുത്തിയിരുന്നു പ്രതിഷേധിച്ചു.