pala

കോട്ടയം: പാലായിൽ ബി.ജെ.പിയിൽ നിന്ന് വോട്ടുചോർച്ച ഉണ്ടായെന്ന ആരോപണം തള്ളി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. പാലായിൽ എല്ലാമുന്നണികൾക്കും വോട്ടുകുറഞ്ഞിട്ടുണ്ട്. എൻ.ഡി.എ മുന്നണിക്കാണ് വോട്ടുകുറഞ്ഞത്. ഇതിനെക്കുറിച്ച് പരിശോധിക്കും. വോട്ടുചോർച്ചയെന്ന ആരോപണം ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. യു.ഡി.എഫിനും എൽ.ഡി.എഫിനും യുക്തിഭദ്രമായ കാരണം പറയാനില്ലാത്തിനാലാണ് ആരോപണം എന്നും ശ്രീധരൻ പിള്ള പറഞ്ഞു.

‌ലോക്‌സഭാ തിര‍ഞ്ഞെടുപ്പിനേക്കാൾ 8489 വോട്ടും 2016 നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ 6777 വോട്ടുമാണ് എൻ.ഹരിക്ക് കുറഞ്ഞത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഹരി തന്നെ നേടിയ 24821 വോട്ട് ഇത്തവണ 18,044 വോട്ടായി കുറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ബി.ജെ.പി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തെ തിരഞ്ഞെടുപ്പിൽ സജീവമായില്ലെന്ന് പറഞ്ഞ് എൻ.ഹരി പുറത്താക്കിയിരുന്നു. ഹരി വോട്ടുകച്ചവടം നടത്തിയെന്നായിരുന്നു ബിനുവിന്റെ ആരോപണം.