കൊച്ചി: കേരളത്തിന്റെ ആയുർവേദ വിപണിയുടെ മൂല്യം 2025ഓടെ 50,000 കോടി രൂപയിലെത്തുമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) വിലയിരുത്തൽ. നിലവിൽ 10,000 കോടി രൂപയാണ് മൂല്യമെന്നും ഇതിൽ 7,500 കോടി രൂപ ആയുർവേദ ടൂറിസത്തിന്റെ പങ്കാണെന്നും സി.ഐ.ഐ കേരളഘടകം മുൻ ചെയർമാനും ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ്. സജികുമാർ പറഞ്ഞു.
കേരള ആയുർവേദ വിപണിയുടെ വിറ്റുവരവിൽ ആയിരം കോടി രൂപ സേവന മേഖലയിൽ നിന്നും 1,500 കോടി രൂപ ഉത്പന്ന വിപണയിൽ നിന്നുമാണ്. 30,000 കോടി രൂപയാണ് ഇന്ത്യൻ ആയുർവേദ വിപണി മൂല്യം. 2022ൽ ഇത് 50,000 കോടി രൂപയാകും. ഈ രംഗത്തെ സ്റ്റാർട്ടപ്പുകളും ആരോഗ്യ ടൂറിസവുമായിരിക്കും വിപണിയുടെ മുന്നേറ്റത്തിന് കരുത്തേകുക. ഒന്നരലക്ഷത്തോളം പേർ കേരളത്തിൽ ആയുർവേദ മേഖലയിൽ ജോലി ചെയ്യുന്നു. 2025ഓടെ ഇത് പതിന്മടങ്ങായി വർദ്ധിക്കും.
ദേശീയതലത്തിൽ ആയിരവും കേരളത്തിൽ നിന്ന് ഇരുന്നൂറും സ്റ്റാർട്ടപ്പുകൾ ആയുർവേദ രംഗത്ത് വളർത്തിയെടുക്കാനാണ് സി.ഐ.ഐ ലക്ഷ്യമിടുന്നത്. ആയുർവേദ മേഖലയുടെ പ്രോത്സാഹനത്തിനായി ആയുർവേദ വകുപ്പ് വേണമെന്ന ആവശ്യം സംസ്ഥാന സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്ളോബൽ ആയുർവേദ സമ്മിറ്റ്
ഒക്ടോബറിൽ കൊച്ചിയിൽ
സി.ഐ.ഐയുടെ മൂന്നാമത് ഗ്ളോബൽ ആയുർവേദ ഉച്ചകോടി ഒക്ടോബർ 30, 31 തീയതികളിൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കും. 30ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ, ബ്രാൻഡിംഗ് തുടങ്ങിയവയിലൂടെ ആയുർവേദത്തെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ഇക്കുറി പ്രമേയമെന്ന് ഗ്ളോബൽ ആയുർവേദ സമ്മിറ്റ് ചെയർമാൻ ഡോ.എസ്. സജികുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബി2ബി മീറ്റിംഗുകൾ, സ്റ്റാർട്ടപ്പുകൾക്കായി ആയുർ സ്റ്റാർട്ട് മത്സരം, അന്താരാഷ്ട്ര ശില്പശാല എന്നിവ ഉച്ചകോടിയിൽ ഉണ്ടാകും. ആയുർസ്റ്രാർട്ട് വിജയിക്ക് മെന്ററിംഗിന് പുറമേ ഇൻകുബേറ്റിംഗ് സൗകര്യവും സാമ്പത്തിക പിന്തുണയും നൽകും. 32 രാജ്യങ്ങളിൽ നിന്നായി 45 വിദഗ്ദ്ധരുടെ പ്രഭാഷണവും സമ്മിറ്റിലുണ്ടാകും.