പി. കശ്യപ് കൊറിയ ഓപ്പൺ സെമിയിൽ
ഇഞ്ചിയോൺ: കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വക നൽകി പാരുപ്പള്ളി കശ്യപ് സെമി ഫൈനലിൽ എത്തി. ഇന്നലെ നടന്ന ക്വാർട്ടറിൽ ഡെൻമാർക്കിന്റെ മുൻ ലോക രണ്ടാം നമ്പർ താരം ജാൻ ഒ ജോർഗൻസണെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് കശ്യപ് അവസാന നാലിൽ ഇടം നേടിയത്. ടൂർണമെന്റിൽ പുറത്താകാതെ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് കശ്യപ്. 37 മിനിട്ടിൽ 24-22, 21-18നാണ് കശ്യപിന്റെ വിജയം. കശ്യപിന്റെ സീസണിലെ രണ്ടാം സെമി ഫൈനൽ പ്രവേശനമാണിത്.
സെമിയിൽ പക്ഷേ കശ്യപിന് കാര്യങ്ങൾ അല്പം കടുപ്പമാണ്. ലോക ഒന്നാം നമ്പർതാരവും രണ്ട് തവണ ലോകചാമ്പ്യനുമായ ജാപ്പനീസ് താരം കെന്റോ മൊമോട്ടയാണ് സെമിയിൽ കശ്യപിന്റെ എതിരാളി.
ക്വാർട്ടറിൽ ആദ്യ ഗെയിം കടുത്ത പോരാട്ടത്തിനൊടുവിലാണ് കശ്യപ് നേടിയത്. ചെറിയ റാലികളായിരുന്നു ആദ്യ റൗണ്ടിന്റെ തുടക്കത്തിൽ. 8-5ന് ആദ്യ ഘട്ടത്തിൽ ലീഡ് നേടിയ ജോർഗൻസൺ ബ്രേക്ക് സമയത്ത് 11-8ന് ലീഡ് നിലനിറുത്തി. എന്നാൽ ബ്രേക്കിന് ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയ കശ്യപ് ജോർഗൻസണെ സമ്മർദ്ദത്തിലാക്കി 14-12ന് മുന്നിലെത്തി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കശ്യപ് 24-22ന് ആദ്യ ഗെയിം സ്വന്തമാക്കുകയായിരുന്നു. 22 മിനിട്ട് ആദ്യ ഗെയിം നീണ്ടു.
രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും പതറാതെ കളി
യിൽ ആധിപത്യം നേടിയ കശ്യപ് ആ ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.