tripura-panchayath-electi

അഗർത്തല: 23ന് ഉപതിരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ചത്തീസ്ഗഡിൽ കോൺഗ്രസിന് ജയം. ഉത്തർപ്രദേശിലെ ഹമീർപൂരിലും ത്രിപുരയിലെ ബദർഘട്ടിലും ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചു.
ത്രിപുരയിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന സി.പി.എമ്മിന് തിരിച്ചടി നൽകി ബദർഘട്ട് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി ബൾട്ടി ബിശ്വാസിനെ 5276 വോട്ടിന് പരാജയപ്പെടുത്തി ബി.ജെ.പിയുടെ മിമി മജുംദാർ ജയം കുറിച്ചു. സി.പി.എം സ്ഥാനാർത്ഥിയായ ബൾട്ടി ബിശ്വാസിന് 15,211 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി രത്തൽ ചന്ദ്രദാസിന് 9,105 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുടെ സിറ്റിംഗ് എം.എൽ.എ ദിലീപ് സർക്കാർ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. 23ന് നടന്ന വോട്ടെടുപ്പിൽ 79.29 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

ചത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയായ ദണ്ഡെവാഡ നിയമസഭാ മണ്ഡലത്തിൽ നക്സൽ ആക്രമണത്തിൽ മരിച്ച ബീമാ മാണ്ഡവിയുടെ പത്നി ഓജസിയെ മത്സരിപ്പിച്ച് സഹതാപ തരംഗം മുതലെടുക്കാൻ ബി.ജെ.പി നടത്തിയ നീക്കം പരാജയപ്പെടുത്തി കോൺഗ്രസിന്റെ ദേവതി കർമ്മ 11,331 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. ഓജസ്വി മാണ്ഡവിക്ക് 38,648 വോട്ടുകൾ ലഭിച്ചു. ഇതോടെ ബസ്തർ മേഖലയിലെ 12 സീറ്റുകളും കോൺഗ്രസിന് സ്വന്തമായി. 90 അംഗ ചത്തീസ്ഗഡ് നിയമസഭയിൽ പാർട്ടിയുടെ അംഗബലം 69 ആയി ഉയർന്നു.

ഉത്തർപ്രദേശിലെ ഹമീർപൂരിൽ ബി.ജെ.പിയുടെ യുവരാജ്സിംഗ് സമാജ്‌വാദി പാർട്ടിയുടെ മനോജ് പ്രജാപതിയെ 17,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

കൊലപാതക കേസിൽ ബി.ജെ.പി എം.എൽ.എ അശോക് കുമാർ ചന്ദലിനെ ശിക്ഷിച്ചതിനെ തുടർന്നാണ് ഹമീർപൂരിൽ സീറ്റ് ഒഴിഞ്ഞത്.