ന്യൂയോർക്ക്: ഇന്ത്യ- പാക് വിദേശകാര്യമന്ത്രിമാർ പരസ്പരം പ്രഭാഷണം ബഹിഷ്‌കരിച്ചതോടെ ഇന്നലെ ന്യൂയോർക്കിൽ നടന്ന സാർക്ക് മന്ത്രിമാരുടെ യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രഭാഷണമായിരുന്നു ആദ്യം. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി അത് ബഹിഷ്കരിച്ചു.
ജയശങ്കറിന്റെ പ്രഭാഷണത്തിന് തൊട്ടുമുമ്പായിരുന്നു ഖുറേഷിയുടെ പ്രഖ്യാപനം. ജയശങ്കർ പ്രസംഗിക്കുന്നതിനാൽ സാർക്ക് മന്ത്രിമാരോടൊപ്പമുള്ള ഉച്ചഭക്ഷണത്തിന് താനില്ലെന്ന് പറഞ്ഞ് ഖുറേഷി പുറത്തേക്ക് പോയി.
ജയശങ്കറാകട്ടെ, പ്രസംഗം പൂർത്തിയാക്കിയ ഉടൻ പുറത്തേക്ക് പോയി. ഖുറേഷി തിരികെ വരുന്നതിന് ഏതാനും മിനിട്ട് മുമ്പാണ് ജയശങ്കർ പോയത്. ഒരുമിച്ച് ഒരുമുറിയിലിരിക്കില്ലെന്ന് ഇരുവരും തീരുമാനിച്ചതുപോലെയായിരുന്നു. നാടകീയ രംഗങ്ങളെപ്പറ്റി ജയശങ്കർ പിന്നീട് മൗനം പാലിച്ചു. എന്നാൽ തന്റെ പ്രസംഗവുമായി ബന്ധപ്പെട്ട ട്വീറ്റിൽ ഇങ്ങനെ കുറിച്ചു.
' നഷ്ടമായ അവസരങ്ങളെക്കുറിച്ചുള്ള കഥയല്ല നമ്മുടേത്, മനഃപൂർവ്വം സൃഷ്ടിച്ച തടസങ്ങളെക്കുറിച്ചുള്ളതു കൂടിയാണ്... ഭീകരത തുടച്ചുനീക്കുകയെന്ന മുൻ വ്യവസ്ഥ ഫലവത്തായ സഹകരണത്തിന് വേണ്ടി മാത്രമല്ല, ഒരു മേഖലയുടെ അതിജീവനത്തിനു കൂടി വേണ്ടിയാണ്'.
യോഗത്തിൽ തിരിച്ചെത്തിയ ഖുറേഷി പറഞ്ഞത് കാശ്മീരികളുടെ ഘാതകർക്കൊപ്പം ഇരുന്നു സംസാരിക്കാനാവില്ലെന്നാണ്.