drone-

ന്യൂഡൽഹി : ഭീകരർക്ക് ആയുധങ്ങളെത്തിച്ച പാക് ഡ്രോൺ പഞ്ചാബ് പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും കണ്ടെത്തി. അട്ടാരി എന്ന സ്ഥലത്ത് നിന്നാണ് ഡ്രോണുകൾ കണ്ടെത്തിയത്. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കിട്ടിയത്. പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റാണ് ഡ്രോൺ കണ്ടെത്തിയത്. തകരാറിനെത്തുടർന്നാണ് ഡ്രോൺ തിരികെ പാകിസ്ഥാനിലേക്ക് കൊണ്ടുപോകാൻ കഴിയാതിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.

സംഭവത്തിൽ പിടിയിലായ പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഡ്രോൺ കണ്ടെത്തിയത്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്​റ്റ് ചെയ്തു. പാകിസ്താൻ ഡ്രോണുകൾ ഉപയോഗിച്ച് അമൃതസറിലേക്ക് എ.കെ 47 തോക്കുകളും ഗ്രനേഡുകളും എത്തിക്കുന്നതായി പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജമ്മു കാശ്മീരിൽ ആക്രമണങ്ങൾ നടത്താനാണ് ഈ ആയുധങ്ങൾ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പത്ത് ദിവസത്തിനിടെ എട്ട് തവണയാണ് ഈ ഡ്രോണുകൾ വഴി ആയുധക്കടത്ത് നടത്തിയതെന്നാണ് വിവരം