ന്യൂയോർക്ക്: ലോകത്തിന് യുദ്ധത്തിന് പകരം ബുദ്ധനെ സമ്മാനിച്ച രാഷ്‌ട്രമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യു.എൻ പൊതുസഭയുടെ 74-ാമത് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി.
യുദ്ധമല്ല, ബുദ്ധന്റെ സമാധാന സന്ദേശമാണ് ലോകത്തിന് ഇന്ത്യയുടെ സംഭാവന.അതുകൊണ്ടാണ് ഭീകരപ്രവർത്തനത്തിനെതിരായ ഇന്ത്യയുടെ ശബ്ദം ലോകം ഗൗരവത്തോടെ കണക്കാക്കുന്നത്. മനുഷ്യരാശിക്ക് വേണ്ടി ലോകം ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടണം. സമാധാനവും ഐക്യവുമാണ് ഇന്ത്യ ലോകത്തിന് നൽകുന്ന സന്ദേശം. ഐക്യരാഷ്‌ട്രസഭയുടെ സമാധാനപാലന ദൗത്യങ്ങളിൽ ഏറ്റവും മഹത്തായ ത്യാഗങ്ങൾ ചെയ്‌തിട്ടുള്ളത് ഇന്ത്യൻ സൈനികരാണെന്നും മോദി പറഞ്ഞു.
കാശ്‌മീർ വിഷയം പരാമർശിക്കാതെയായിരുന്നു മോദിയുടെ 20 മിനുട്ട് നീണ്ട ഹിന്ദിയിലുള്ള പ്രസംഗം. ഭീകരതയ്‌ക്കെതിരെ ആവർത്തിച്ച് പറഞ്ഞ മോദി പാകിസ്ഥാന്റെ പേര് പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഭീകരത. അത് എല്ലാ രാഷ്ട്രങ്ങളേയും ബാധിക്കുന്നതാണ്. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ രോഷം സ്വാഭാവികമാണ്. ഭീകരപ്രവർത്തനത്തിന്റെ കാര്യത്തിൽ ഭിന്നിക്കുന്നത് യു.എൻ ആശയത്തിന് വിരുദ്ധമാണ്.
രാജ്യത്തെ വികസനപ്രവർത്തനങ്ങളിലും കാലാവസ്ഥാവ്യതിയാനത്തിലും ഊന്നിയുള്ളതായിരുന്നു മോദിയുടെ പ്രസംഗം. ഇന്ത്യയിലെ ആയുഷ്‌മാൻ ഭാരത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായി മോദി യു. എൻ. പൊതുസഭയിൽ അവതരിപ്പിച്ചു. അൻപത് കോടി ജനങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണത്. അതുപോലെ അഞ്ച് വർഷം കൊണ്ട് 11 കോടി ശൗചാലയങ്ങൾ ഇന്ത്യ നിർമ്മിച്ചു. ഇന്ത്യയുടെ ഈ നേട്ടങ്ങൾ ലോകത്തിന് മുഴുവൻ മാതൃകയാണെന്നും മോദി പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നെയും എന്റെ സർക്കാരിനേയും വീണ്ടും തിരഞ്ഞെടുത്തു. രണ്ടാമത് വീണ്ടും അധികാരത്തിലെത്തിയത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്. അതുകൊണ്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വരാൻ എനിക്ക് സാധിച്ചത് - മോദി പറഞ്ഞു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കരുത് എന്ന ചുമരിലെ ബോർഡുകളാണ് ഇവിടെ ഞാൻ ആദ്യം കണ്ടത്. ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ വലിയ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.