yuvraj

കൊഹ്‌ലി മാത്രം പോര, നായകസ്ഥാനം വീതിക്കണം

ന്യൂഡൽഹി: ടീം മാനേജ്മെന്റിന്റെ പിന്തുണയുണ്ടായിരുന്നെങ്കിൽ തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്രിൽ നിന്ന് ഇത്ര വേഗം വിരമിക്കേണ്ടിവരില്ലായിരുന്നുവെന്നും ഒരു ലോകകപ്പിൽ കൂടി കളിക്കാനാകുമായിരുന്നുവെന്നും യുവ്‌രാജ് സിംഗ്. 2011ലെ ലോകകപ്പിന് ശേഷം ഒരു ലോകകപ്പിൽപ്പോലും കളിക്കാനായില്ല. കാൻസറിനെ കീഴടക്കി കളിക്കളത്തിൽ തിരിച്ചെത്തിയിട്ടും ടീംമാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും കിട്ടിയില്ല. അവരുടെ പിന്തുണയുണ്ടായിരുന്നെങ്കിൽ ഒരു ലോകകപ്പ് കൂടി കളിക്കാനായേനെയെന്നും ഇന്ത്യ ചാമ്പ്യൻമാരായ 2011ലെ ഏകദിന ലോകകപ്പിലെ ഏറ്രവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട യുവ്‌രാജ് തുറന്നടിച്ചു. കഴിഞ്ഞയിടെയാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്രിൽ നിന്ന് വിരമിച്ചത്.

സ്വയ പ്രയത്‌നംകൊണ്ടാണ് ഇവിടെവരെയെത്തിയതെന്നും തനിക്ക് ഗോഡ് ഫാദർമാരില്ലായിരുന്നുവെന്നും വ്യക്തമാക്കി.

ബി.സി.സി.ഐയുടെ ശാരീരിക ക്ഷമതാ പരിക്ഷയായ യോ യോ ടെസ്റ്റിൽ പാസായിട്ടും തന്നെ ടീമിൽ നിന്ന് തഴഞ്ഞിട്ടുണ്ടെന്നും യുവി ആരോപിച്ചു. 2017ലായിരുന്നു ഈ സംഭവം. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനാണ് അന്ന് നിർദ്ദേശിച്ചത്. ആ പ്രായത്തിൽ യോ യോ ടെസ്റ്റിൽ താൻ പരാജയപ്പെടുമെന്നായിരുന്നു അവർ കരുതിയതെന്നും യുവ്‌രാജ് പറഞ്ഞു.

2017ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കു ശേഷം കളിച്ച എട്ട് - ഒമ്പത് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ഞാനായിരുന്നു മാൻ ഒഫ് ദി മാച്ച്.

ഈ സമയത്ത് പരിക്കേറ്റപ്പോൾ ശ്രീലങ്കൻ പര്യടനത്തിനു തയ്യാറെടുക്കാനാണ് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി യോ യോ ടെസ്റ്ര് വരുന്നതെന്നും യുവ്‌രാജ് പറഞ്ഞു.

ടീമിൽ നിന്ന് ഒഴിവാക്കുന്ന കാര്യം സെലക്‌ടർമാർ നേരിട്ട് വിളിച്ച് അറിയിക്കാതിരുന്നത് വലിയ വിഷമമായെന്നും യുവി വെളിപ്പെടുത്തി.

ഒരു നായകൻ കൂടി വേണം

വിരാട് കൊഹ്‌ലിയുടെ അമിത ജോലിഭാരം കുറയ്ക്കാൻ പരിമിത ഓവർ ക്രിക്കറ്രിൽ ഒരു നായകനെക്കൂടെ പരിഗണിക്കണമെന്ന് യുവി അഭിപ്രായപ്പെട്ടു. ട്വന്റി-20യിലെങ്കിലും പുതിയൊരു നായകൻ വേണം. രോഹിത് ശർമ്മ നായകനെന്ന നിലയിൽ മികവ് തെളിയിച്ചയാളാണ്. അദ്ദേഹത്തെ ട്വന്റി-20യിൽ നായകനാക്കിയാൽ കൊഹ്‌ലിക്ക് സമ്മർദ്ദമില്ലാതെ കളിക്കാനാകുമെന്നും യുവ്‌രാജ് പറഞ്ഞു.

ധോണിക്കെതിരെ അനീതി

ഇന്ത്യൻ ക്രിക്കറ്രിന് ഏറെ നേട്ടങ്ങൾ സമ്മാനിച്ച എം.എസ്. ധോണിയുടെ വിരമിക്കലിനെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങൾ നിരാശജനകവും അദ്ദേഹത്തോട് കാണിക്കുന്ന അനീതിയുമാണെന്ന് യുവി വ്യക്തമാക്കി. എപ്പോഴാണ് കളിനിറുത്തേണ്ടതെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും യുവി പറഞ്ഞു.