വാഷിംഗ്ടൺ: ജമ്മുകാശ്‌മീരിൽ രക്തച്ചൊരിച്ചിലിനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഐക്യരാഷ്‌ട്ര പൊതുസഭയിൽ ആരോപിച്ചു.ന്യൂക്ലിയർ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ അത് ഇരു രാജ്യങ്ങളുടെയും അതിരുകൾക്കുള്ളിൽ ഒതുങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കാശ്‌മീരിനെ തൊടാതെ ബുദ്ധനെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു യുദ്ധഭീഷണി മുവക്കുന്നതുപോലുള്ള ഇമ്രാന്റെ പ്രസംഗം. പ്രസംഗത്തിലുടനീളം കാശ്‌മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ നിലപാട് ആവർത്തിക്കുകയായിരുന്നു ഇമ്രാൻ.
ജമ്മുകാശ്‌മീരിന്റെ സ്വയംഭരണം ഇന്ത്യ റദ്ദാക്കിയതു മുതൽ അവിടം സ്തംഭനത്തിലാണ്. ലക്ഷക്കണക്കിന് പേർ തടവിലാണ്. അവിടെ വ്യക്തമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. കാശ്മീരിൽ ഒൻപത് ലക്ഷം സൈനികരാണുള്ളത്. നരേന്ദ്രമോദി പറയുന്നതു പോലെ അവർ കാശ്മീരിന്റെ ക്ഷേമത്തിന് വേണ്ടി നിൽക്കുന്നവരല്ല. ഒൻപത് ലക്ഷം പട്ടാളക്കാർ അവിടെ എന്തിനാണ്? അവർ എന്താണ് ചെയ്യുന്നത്? കർഫ്യൂ പിൻവലിച്ചാലുടൻ പട്ടാളം ജനങ്ങൾക്ക് നേരെ തിരിയും. പിന്നെ അവിടെ ചോരപ്പുഴയായിരിക്കും. കാശ്മീരിലെ മനുഷ്യത്വരഹിതമായ കർഫ്യൂ ഇന്ത്യ പിൻവലിക്കണം. ഒരു യുദ്ധത്തിലേക്കുള്ള പോക്കാണിത്. കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു. അനുവദിച്ചു കിട്ടിയ 20 മിനുട്ടിന് പുറമെ 30 മിനുട്ട് കൂടി എടുത്താണ് ഇമ്രാൻ പ്രസംഗം പൂർത്തിയാക്കിയത്.
അതേസമയം, ഇമ്രാന്റെ വിമർശനങ്ങൾക്ക് മറുപടി പറയാനുള്ള അവസരം ഇന്ത്യ വിനിയോഗിക്കുമെന്നാണ് റിപ്പോർട്ട്. കാശ്മീർ വിഷയം അന്താരാഷ്ട്ര വിവാദമാക്കാനുള്ള പാകിസ്ഥാന്റെ മുൻ ശ്രമങ്ങളെല്ലാം പരജായപ്പെട്ടിരുന്നു. യു.എൻ രക്ഷാസമിതിയിലും, കാശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു ഭൂരിപക്ഷ രാഷ്ട്രങ്ങളും. ചൈന മാത്രമായിരുന്നു പാകിസ്ഥാന് പിന്തുണ നൽകിയത്. പിന്നീട് അന്താരാഷ്ട്ര നീതിന്യായകോടതിയിൽ വിഷയമെത്തിക്കാനുള്ള ശ്രമങ്ങളും പാളിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എൻ പൊതുസഭയിൽ ഇമ്രാന്റെ'കാശ്മീർ പ്രസംഗം".