ഡമാസ്കസ് : ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി ഭീകര സംഘടനയിൽ ചേർന്ന യുവതികൾ ജന്മനാട്ടിൽ തിരിച്ചെത്താനുള്ള അവസാന ശ്രമത്തിൽ. ഐസിസ് വധുക്കൾ എന്നറിയപ്പെടുന്ന ബ്രിട്ടിഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശി ഷെമീമ ബീഗവും യു.എസ് സ്വദേശി ഹുഡ മുത്താനയുമാണ് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നത്. എന്നാൽ സിറിയയിലും ഇറാഖിലെയും ഐസിസിന്റെ ശക്തി ക്ഷയിച്ചതോടെയാണ് അമേരിക്കക്കാരെ ഒന്നടങ്കം കൊല്ലണമെന്ന് ആഹ്വാനം ചെയ്ത മുത്താനയും ഐ.എസ് ആശയങ്ങൾക്കായി ജീവിതം സമർപ്പിച്ച ഷെമീമയും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നതെന്നും യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നുമാണ് ലോകരാഷ്ട്രങ്ങളുടെ നിലപാട്.
ബെത്നൾ ഗ്രീൻ അക്കാഡമി സ്കൂളിലെ വിദ്യാർഥികളായിരുന്ന 15കാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന(16) എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് 2015 ൽ ഈസ്റ്റ് ലണ്ടനിൽനിന്നു സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് എന്തുപറ്റിയെന്ന് വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്.
ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിൽനിന്നു തുർക്കിയിലേക്കാണ് പോയ ഇവർ പിന്നീട് പിന്നീട് സിറിയയിലെത്തി. ഐസിസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസ്സിനു മുകളിൽ പ്രായമുള്ള ഇംഗ്ലിഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്തു ദിവസത്തിനു ശേഷം ഇസ്‌ലാമിലേക്കു മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. ഇരുപത്തേഴുകാരനായ ഇയാൾക്കൊപ്പമാണു പിന്നീട് കഴിഞ്ഞത്. കിഴക്കൻ സിറിയയിലെ ഐസിസിന്റെ അവസാന താവളമായിരുന്ന ബാഗൂസിൽനിന്ന് രക്ഷപ്പെട്ടാണ് അഭയാർത്ഥി ക്യാംപിലെത്തിയത്. സിറിയൻ പട്ടാളത്തിനു മുന്നില്‍ൽ ഭർത്താവു കീഴടങ്ങിയപ്പോഴാണു വടക്കൻ സിറിയയിലെ അഭയാർത്ഥി ക്യാംപിലേക്കു എത്തിയത്.
തന്റെ പ്രവൃത്തിയിൽ പശ്ചാത്തപിക്കാൻ ഒരിക്കലും തയാറാകാതിരുന്ന ഷമീമ ഇപ്പോൾ പശ്ചാത്താപത്തിന്റെ പാതയിലാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. എനിക്കൊപ്പം ഐസിസിൽ ചേരാൻ പുറപ്പെട്ട കൂട്ടുകാരികളെല്ലാം അതിദാരുണമായി കൊല്ലപ്പെട്ടു. അഭയാർഥി ക്യാംപിനേക്കാൾ ഏത്രയോ ഭേദമാണ് യു.കെയിലെ ജയിൽ. ചെയ്ത കുറ്റത്തിനു വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്, അഭയം നൽകണമെന്നു മാത്രമാണ് അപേക്ഷയെന്ന് ഇവർ പറയുന്നു.
ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി സംഘടനയിൽ ചേരുന്നവർ ഐസിസ് വധുക്കൾ എന്നാണ് അറിയപ്പെടുക. ഭീകരരുടെ വധുവാകുന്നതോടെ ഏതു സമയത്തും ലൈംഗികമായി ഉപയോഗിക്കാവുന്ന കളിപ്പാവകളാകും ഇവർ. മിക്കപ്പോഴും രണ്ടോ മൂന്നോ പേരായിരിക്കും ഇവരെ ലൈംഗികമായി ഉപയോഗിക്കുക. ഭീകരർ കൂട്ടത്തോടെ ലൈംഗിക ദാഹം തീർക്കുന്ന നൂറുകണക്കിന് അടിമപെൺകുട്ടികളാണ് രണ്ടാമത്തെ വിഭാഗം. പല താവളങ്ങളിലും ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയയായതിനു ശേഷമാകും പെൺകുട്ടികളെ ഭീകരിലൊരാൾ സാധാരണ വിവാഹം ചെയ്യുക.
അമേരിക്ക വിട്ട് സിറിയയിലെത്തി ഐസിസിൽ ചേർന്ന ഹുഡ മുത്താന എന്ന ഇരുപത്തിനാലുകാരിയെ മൂന്ന് ഐസിസ് ഭീകരരാണ് വിവാഹം ചെയ്തത്. ഷമീമ ബീഗത്തിനൊപ്പം മുത്താനയും സ്വദേശത്ത് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഭീകരനിൽനിന്നു ജനിച്ച മകന് ഉചിതമായ വിദ്യാഭ്യാസം നൽകാൻ സ്വദേശത്ത് തിരിച്ചെത്തണമെന്ന് മുത്താന ആഗ്രഹിക്കുന്നു. മുത്താനയെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്ന് ട്വിറ്ററിലൂടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെക്ക് ട്രംപ് നിർദേശം നൽകിയത് വാർത്തയായിരുന്നു..
കുഞ്ഞിനെ വളർത്താനായി മടങ്ങിയെത്താൻ മോഹിച്ചുവെങ്കിലും ഷമീമയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി. സിറിയയിലെ അഭയാർഥി ക്യാംപിൽ ഐസിസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ വൈകാതെ കുഞ്ഞ് മരിച്ചു.
ബ്രിട്ടനിലേക്കു മടങ്ങാനുള്ള ആഗ്രഹം ഉറക്കെ പറയുമ്പോഴും ഐസിസിന്റെ ആശയങ്ങളെ ഷമീമ തള്ളിപ്പറഞ്ഞിരുന്നില്ലെന്നതു ഇവർക്കെതിരെ ജനരോഷത്തിന് കാരണമായി.
ഷമീമ ബീഗം രാജ്യത്തെത്തിയാൽ അവർക്ക് വധശിക്ഷ നല്‍കുമെന്നായിരുന്നു ബംഗ്ലദേശ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുല്‍ മൊമെന്റെ പ്രസ്താവന. ഷമീമ ദയ അർഹിക്കുന്നില്ലെന്ന് യു.കെയും മുത്താനയെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നു യു.എസും ശക്തമായ താക്കീത് നൽകിക്കഴിഞ്ഞു. ഷമീമയുടെ കുഞ്ഞ് ഭീകരകേന്ദ്രത്തിൽ മരിച്ചതിനെ തുടർന്ന് ബ്രിട്ടനും വിദേശകാര്യ സെക്രട്ടറി സാജിദ് ജാവീദിനുമെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു. തെറ്റുതിരുത്താൻ ഷമീമയ്ക്ക് അവസരം നൽകണമെന്നും വിചാരണ നേരിടാൻ അവർ ഒരുക്കമാണെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.