ദോഹ: വരാനിരിക്കുന്ന ഫുട്ബാൾ ലോകകപ്പിന് ആതിഥ്യമരുളാനൊരുങ്ങുന്ന ഖത്തറിൽ പുതിയ വേഗവും ഉയരവും ദൂരവും തേടിയുള്ള പത്ത് നാൾ നീണ്ടുനിൽക്കുന്ന അത്ലറ്റിക്സ് പൂരത്തിന് കൊടിയേറി. ഇന്നലെ ദോഹയിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിയോടെ പുരുഷൻമാരുടെ ലോംഗ് ജമ്പ് മത്സരങ്ങളോടെയാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ പുതിയ എഡിഷന് തുടക്കമായത്.
ഇന്ത്യൻ സമയം പുലർച്ചെ രണ്ടിനാണ് അമീർഷെയ്ഖ് തമീം പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ആദ്യ ദിനമായ ഇന്നലെ 800, 100, 400 മീറ്റർ ഹർഡിൽസ് ഹീറ്റ്സുകൾ, പോൾ വോൾട്ട്, ലോംഗ് ജംമ്പ്, ഹാമർ ത്രോ തുടങ്ങിയ ഇനങ്ങളുടെ യോഗ്യതാ റൗണ്ടുകൾ നടന്നു. വനിതാ മാരത്തൺ ഫൈനലും ആദ്യ ദിവസമാണ് നടന്നത്.
ആകെ 192 മെഡലുകൾക്കായി 213 രാജ്യങ്ങളിൽനിന്നും 2000 ത്തിലധികം അത്ലറ്റുകളാണ് മാറ്റുരയ്ക്കുന്നത്. അമേരിക്കയാണ് നിലവിലെ ലോക ചാമ്പ്യൻമാർ. രണ്ടാംസ്ഥാനം കെനിയയ്ക്കും. ലോകത്തിലെ ഏറ്റവും മികച്ച അത്ലറ്റുകളിൽ ഭൂരിഭാഗവും ദോഹയിൽ മാറ്റുരയ്ക്കാനെത്തുന്നുണ്ട്.
ഗാട്ലിനും ബ്ലേക്കും സെമിയിൽ
മീറ്രിലെ വേഗമേറിയ താരത്തെ കണ്ടെത്താനുള്ള പുരുഷന്മാരുടെ 100 മീറ്ററിൽ സൂപ്പർ താരങ്ങളായ അമേരിക്കയുടെ ജസ്റ്റിൻ ഗാട്ലിനും ജമൈക്കയുടെ യൊഹാൻ ബ്ലേക്കും സെമിഫൈനലിൽ എത്തി. ഇന്നലെ നടന്ന രണ്ടാം ഹീറ്റ്സിൽ ഗാട്ലിൻ 10.06 സെക്കൻഡിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. നാലാം ഹീറ്റ്സിൽ 10.07 സെക്കൻഡിലാണ് ബ്ലേക്ക് ഒന്നാമതെത്തിയത്. ഇവരേക്കാൾ മികച്ച സമയം കുറിച്ച് യു.എസ്.എയുടെ ക്രിസ്റ്റ്യൻ കോൾമാനും സെമിയിലെത്തിയിട്ടുണ്ട്. അവസാന ഹീറ്റ്സിൽ 9.98 സെക്കൻഡിലാണ് കോൾമാൻ ഫിനിഷ് ചെയ്തത്. ഹീറ്റ്സിലെ മികച്ച സമയവും ഇതാണ്. കോൾമാനു പിന്നിൽ 10.01 സെക്കൻഡിൽ ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈനാണ് മികച്ച രണ്ടാമത്തെ സമയം കുറിച്ചത്.
സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ യുഗത്തിനു ശേഷം നടക്കുന്ന ആദ്യ ലോകചാമ്പ്യൻഷിപ്പാണിത്.
ശ്രീശങ്കറിന്റെ ദു:ഖവും ജാബിറിന്റെ സ്വപ്നവും
ലോകചാമ്പ്യൻഷിപ്പന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് സന്തോഷവും സങ്കടവും. പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ മലയാളി താരം എം.പി. ജാബിർ സെമി ഫൈനലിലെത്തിയപ്പോൾ ലോംഗ്ജമ്പിൽ എം.ശ്രീശങ്കർ ഫൈനൽ കാണാതെ പുറത്തായി.
400 മീറ്റർ ഹർഡിൽസിന്റെ ഒന്നാം ഹീറ്റ്സിൽ 49.62 സെക്കൻഡിൽ മൂന്നാമതെത്തിയാണ് ജാബിർ സെമിയിലേക്ക് യോഗ്യത നേടിയത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഈ ഇനത്തിൽ സെമിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ജാബിർ സ്വന്തമാക്കി. ആകെ നടത്തിയ 5 ഹീറ്റ്സുകളിൽ 11മതാണ് ജാബിർ കുറിച്ച സമയം.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ആദ്യ ഇനമായ പുരുഷൻമാരുടെ ലോംഗ് ജമ്പിൽ 7.62 മീറ്റർ താണ്ടാനേ ശ്രീശങ്കറിനായുള്ളൂ. 8.15 മീറ്ററായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാ മാർക്ക്. തന്റെ ആദ്യ ശ്രമത്തിൽ 7.52 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം ശ്രമത്തിൽ 7.62 മീറ്റർ കുറിച്ച് പ്രതീക്ഷ പകർന്നതാണ്. എന്നാൽ മൂന്നാം ശ്രമം ഫൗളായി. 27 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 22-ാം സ്ഥാനത്തെത്താനേ ശ്രീയ്ക്കായുള്ളു. ആദ്യ 12 സ്ഥാനങ്ങളിൽ എത്തുന്നവർക്കായിരുന്നു ഫൈനൽ യോഗ്യത.
ഇന്ന് പ്രതീക്ഷയോടെ ഇന്ത്യ
ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് റിലേയിൽ ഇന്ത്യൻ ടീം ഇന്നിറങ്ങും.
ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷ പുലർത്തുന്ന ഇനമാണ് മിക്സഡ് റിലേ.
പുരുഷ-വനിതാ റിലേ ടീമുകളിലെ 12 പേരിൽ ആറു പേർ മലയാളി താരങ്ങളാണ്.
മുഹമ്മദ് അനസ്, അമോജ് ജേക്കബ്, വി.കെ. വിസ്മയ, എം.ആർ. പൂവമ്മ എന്നിവരാകും മിക്സഡ് റിലേ ടീമിൽ ഇടംപിടിക്കാൻ സാധ്യത. നോഹ് നിർമൽ ടോം, അലക്സ് ആന്റണി, ജിസ്നാ മാത്യു എന്നിവരാണ് റിലേ ടീമിലുള്ള മറ്റു മലയാളികൾ.
വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദാണ് ട്രാക്കിലിറങ്ങുന്ന മറ്റൊരു ഇന്ത്യൻ താരം.