തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിശക്തമായ എതിർപ്പ് വകവയ്ക്കാതെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് പുതുതായി രൂപീകരിച്ച കമ്പനിക്ക് കൈമാറാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. വിമാനത്താവള നടത്തിപ്പ് സ്വകാര്യവത്കരിക്കാനുള്ള ടെൻഡർ നടപടികൾ അടുത്തമാസം അവസാനിക്കാനിരിക്കെയാണ് കഴിഞ്ഞ 24ന് 'അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട്' എന്ന പേരിൽ അദാനി ഗ്രൂപ്പ് കമ്പനി രൂപീകരിച്ചത്. ലേലത്തിൽ വിജയിച്ചെങ്കിലും, സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ കേസിൽ അന്തിമവിധി ഉണ്ടാകും വരെ വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന് ഇടക്കാല ഉത്തരവുള്ളതിനാൽ കരാറൊപ്പിടുന്നത് നീണ്ടുപോവുകയായിരുന്നു. വിമാനത്താവളം കൈമാറുന്നതിനെതിരെ ഹൈക്കോടതിയിലുള്ള കേസുകൾ തീർത്ത് ഒരു മാസത്തിനകം പാട്ടക്കരാർ ഒപ്പിടാനാണ് കേന്ദ്രസർക്കാർ നീക്കം.
ഉയർന്ന തുക ക്വോട്ടു ചെയ്ത കമ്പനിക്ക് ലേലം ഉറപ്പിക്കുന്നതാണ് രീതിയെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഹർദീപ് സിംഗ് പുരിയുടെ ലോക്സഭയിലെ മറുപടി ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോഴുണ്ടായത്. വിമാനത്താവള നടത്തിപ്പു ചുമതല ലഭിക്കുമെന്ന പ്രതീക്ഷയിൽ, ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ സർക്കാർ കമ്പനി രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പലവട്ടം കണ്ട് വിമാനത്താവള നടത്തിപ്പ് സർക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗതാഗതസെക്രട്ടറി കെ.ആർ. ജ്യോതിലാൽ അടക്കമുള്ള ഉദ്യോഗസ്ഥർ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയെക്കണ്ട് സംസ്ഥാന സർക്കാരിന്റെ ആവശ്യം ആവർത്തിച്ചു. നയം വ്യക്തമാക്കാതിരുന്ന കേന്ദ്രസർക്കാർ ഇപ്പോൾ അദാനിയുടെ കമ്പനിക്ക് പച്ചക്കൊടി വീശുകയാണ്. അതേസമയം, അദാനിയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സർക്കാരും വ്യക്തമാക്കിയതോടെ ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്.
വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും നടത്തിപ്പും വികസനവും പാട്ടവ്യവസ്ഥയിൽ കൈമാറാനാണ് കേന്ദ്രതീരുമാനം. വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള ലേലത്തിൽ സർക്കാരും കെ.എസ്.ഐ.ഡി.സിയും ചേർന്നുള്ള കൺസോർഷ്യമാണ് പങ്കെടുത്തത്. ലേലത്തിൽ കെ.എസ്.ഐ.ഡി.സി രണ്ടാമതായെങ്കിലും സംസ്ഥാനസർക്കാരിന്റെ നിരന്തരസമ്മർദ്ദത്തെ തുടർന്ന് കേന്ദ്രത്തിന് അദാനിയുമായി പാട്ടക്കരാർ ഒപ്പിടാനായിട്ടില്ല. ലേലനടപടികളുടെ കാലാവധി ജൂലായ് 31ന് അവസാനിച്ചെങ്കിലും മൂന്നുമാസത്തേക്ക് കേന്ദ്രം കാലാവധി നീട്ടി. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും യാതൊരു മുൻപരിചയവുമില്ലാത്ത അദാനി എന്റർപ്രൈസസിന് വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറരുതെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.
അതേസമയം, പ്രവാസി വ്യവസായികളുമായി ചേർന്ന് കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തിൽ കൺസോർഷ്യമുണ്ടാക്കി വിമാനത്താവളം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയും എതിർപ്പ് ഉയരുന്നുണ്ട്. ടിയാൽ കമ്പനിയിൽ സർക്കാരിന് തുച്ഛമായ ഓഹരിയേയുള്ളൂ. 100 രൂപ മുഖവിലയുള്ള 4498 ഓഹരികളാണ് സർക്കാരിന് കമ്പനിയിലുള്ളത്. കെ.എസ്.ഐ.ഡി.സിക്ക് 500 ഓഹരികളുണ്ട്. സംസ്ഥാന സർക്കാരിന് 51 ശതമാനം ഓഹരിയില്ലെങ്കിൽ വിമാനത്താവളത്തിൽ സർക്കാരിന് നിയന്ത്രണമുണ്ടാവില്ല.
ടിയാലിൽ 49 ശതമാനം ഓഹരിമാത്രം സ്വകാര്യ വ്യക്തികൾക്ക് നൽകി വിമാനത്താവളം സർക്കാർ കൈപ്പിടിയിലാക്കണമെന്നാണ് എയർപോർട്ട് അതോറിട്ടി ജീവനക്കാരുടെ ആവശ്യം. നിയമപ്രശ്നങ്ങളൊഴിവാക്കാൻ അദാനിയെക്കൂടി ഉൾപ്പെടുത്തി കൺസോർഷ്യമുണ്ടാക്കാനുള്ള സർക്കാരിന്റെ ശ്രമവും പരാജയപ്പെട്ടു. സ്വകാര്യവത്കരണം വരുന്നതോടെ, വിമാന സർവീസുകളുടെ നിയന്ത്രണമൊഴികെ എല്ലാം വിമാനത്താവള അതോറിട്ടിക്ക് നഷ്ടമാവും. സ്വകാര്യവത്കരിക്കുന്ന വിമാനത്താവളങ്ങളിൽ സുരക്ഷ, കാലാവസ്ഥാ നിരീക്ഷണം, ആരോഗ്യ പരിശോധന, കസ്റ്റംസ്, എമിഗ്രേഷൻ, മൃഗ-സസ്യ പാലനം, കാലാവസ്ഥാ ശാസ്ത്രം തുടങ്ങിയ സേവനങ്ങൾ ഒഴികെയുള്ളവ സ്വകാര്യ കമ്പനിയുടെ ചുമതലയാണ്.
തിരുവനന്തപുരത്തെ ഓരോ യാത്രക്കാരനും പ്രതിമാസം 168 രൂപ വീതം അദാനി ഗ്രൂപ്പ് വിമാനത്താവള അതോറിട്ടിക്ക് നൽകാമെന്നാണ് കരാർ വ്യവസ്ഥ. വിമാനത്താവളത്തിന്റെ വികസനത്തിന് ഒരു നിക്ഷേപവും നടത്താതെ സ്വകാര്യവത്കരണത്തിലൂടെ പ്രതിവർഷം 1000 കോടി രൂപ പാട്ടത്തുകയായി എയർപോർട്ട് അതോറിട്ടിക്ക് ലഭിക്കും. ഇതാണ് വിമാനത്താവളവും ഭൂമിയും സ്വകാര്യവത്കരിക്കുന്ന കേന്ദ്രതീരുമാനത്തിന് പിന്നിലുള്ള കാരണം. അതേസമയം, വിമാനത്താവളം ആർക്കും വിൽക്കില്ലെന്നും കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ തുടരുമെന്നുമാണ് എയർപോർട്ട് അതോറിട്ടിയുടെ വിശദീകരണം.
വിമാനത്താവളം സർക്കാരിന്റെ കൈയിൽ തന്നെയിരിക്കും. ആർക്കും കൊണ്ടുപോകാനാവില്ല. നടത്തിപ്പ് ചുമതല സർക്കാരിന് നൽകുകയാണ് വേണ്ടത്.
-പിണറായി വിജയൻ (മുഖ്യമന്ത്രി)
വിമാനത്താവളം ലോകനിലവാരത്തിലാക്കും. അത്യധികം ഉത്തരവാദിത്വത്തോടെയാണ് വ്യോമയാന മേഖലയിലേക്കെത്തുന്നത്.
കരൺ അദാനി, സി.ഇ.ഒ,
അടിച്ചാൽ ലോട്ടറി
50 വർഷത്തേക്ക് വിമാനത്താവളവും നഗരമദ്ധ്യത്തിലെ 628.70 ഏക്കർ ഭൂമിയും അദാനിക്ക് പാട്ടത്തിന് ലഭിക്കും.
വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, വികസനം, നടത്തിപ്പ് എന്നിവ പൂർണമായി അദാനിയുടെ നിയന്ത്രണത്തിലാവും
വിഴിഞ്ഞം തുറമുഖത്തിനു പുറമെ വിമാനത്താവളം കൂടിയാവുമ്പോൾ അദാനി തിരുവനന്തപുരത്ത് വൻശക്തിയാവും
നേരത്തേ പ്രഖ്യാപിച്ച 600 കോടിയുടെ വികസനത്തിനായി 18.30 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്ത് നൽകുന്നു