തിരുവനന്തപുരം: പ്രശസ്തമായ നവരാത്രി സംഗീതോത്സവത്തിന് നാളെ തുടക്കമാകും. സ്വാതിതിരുനാൾ സംഗീതാർച്ചന നടത്തിയിരുന്ന മണ്ഡപം ഒൻപതു നാൾ സംഗീതസാന്ദ്രമാകും. പദ്മനാഭപുരത്തു നിന്നു ഘോഷയാത്രയായി എത്തുന്ന വിഗ്രഹങ്ങളിൽ സരസ്വതി ദേവി വിഗ്രഹത്തെ നവരാത്രി മണ്ഡപത്തിൽ പൂജയ്ക്കിരുത്തുന്നതോടെയാണ് നവരാത്രി സംഗീതോത്സവവും തുടങ്ങുന്നത്.
പദ്മനാഭപുരം കൊട്ടാരത്തിൽ മാർത്താണ്ഡവർമ്മ നവരാത്രിമണ്ഡപം പണി കഴിപ്പിച്ചിട്ടുണ്ടായിരുന്നു. ദാരുനിർമിതമായ കൊട്ടാരത്തിലെ ഏക ശിലാമണ്ഡപമാണിത്. അവിടെ നടന്നിരുന്ന നവരാത്രിഉത്സവം സ്വാതി തിരുനാളാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ആഘോഷത്തിന്റെ പൂർണതയ്ക്കായി 9 നാൾ നീളുന്ന സംഗീത പരിപാടിയും ഒരുക്കി.
നവരാത്രി മണ്ഡപത്തിൽ രണ്ട് പൂജാമുറികളുണ്ട്. നവരാത്രി ദിവസങ്ങളിൽ സരസ്വതിയെ പൂജയ്ക്കിരുത്തുന്നതാണ് പ്രധാനമുറി. മറ്റൊന്ന് എഴുന്നള്ളത്ത് എത്തുന്ന ദിവസവും പൂജയെടുപ്പ് കഴിഞ്ഞുള്ള സമയത്തും ദേവിയെ കുടിയിരുത്തുന്ന നല്ലിരുപ്പ് മുറി. പ്രധാനമുറിക്ക് മുന്നിൽ നമസ്കാരത്തറയ്ക്കടുത്ത് വലതുഭാഗത്താണ് സംഗീതോത്സവം നടക്കുന്നത്. സിംഹവാഹിനിയായ ഭഗവതിയുടെ ചുമർചിത്രമാണ് പശ്ചാത്തലത്തിൽ. എതിർഭാഗത്ത് രാജാവിനും കുടുംബത്തിനും കച്ചേരി ആസ്വദിക്കാനുള്ള മൂന്നു കിളിവാതിലുകളുമുണ്ട്. മറ്റ് ആസ്വാദകർക്ക് മണ്ഡപത്തിന്റെ വിശാലമായ മറ്റ് ഭാഗങ്ങളിൽ നിലത്തിരിക്കാം. പദ്മനാഭപുരം കൊട്ടാരത്തിനെക്കാൾ വലുതും സമാനവുമായ നിർമാണഘടനയാണ് നവരാത്രി മണ്ഡപത്തിനുള്ളത്.
ആസ്വദിക്കാം ഇവരുടെ നാദവിസ്മയം
നാളെ മുതൽ ഒക്ടോബർ 7 വരെയാണ് സംഗീതോത്സവം. 29ന് സഞ്ജയ് സുബ്രഹ്മണ്യൻ, 30ന് രാമവർമ, ഒക്ടോബർ 1ന് അമൃത വെങ്കടേഷ്, 2ന് കർണാടിക ബ്രദേഴ്സ് (കെ.എൻ. ശശികിരൺ, പി. ഗണേഷ്), 3ന് താമരക്കാട് ഗോവിന്ദൻമ്പൂതിരി, 4ന് പ്രൊഫ. ടി. എൻ. ഗോപാലകൃഷ്ണൻ, 5ന് സുധ രഘുനാഥൻ, 6ന് പാറശ്ശാല പൊന്നമ്മാൾ, 7ന് പ്രൊഫ. കെ. വെങ്കടരമണൻ.