തിരുവനന്തപുരം: കാലപ്പഴക്കത്തെ തുടർന്ന് ജീർണിച്ച് തകർന്നുവീഴാവുന്ന അവസ്ഥയിലായ വള്ളക്കടവ് പാലത്തിന് പകരം താത്കാലിക പാലത്തിന്റെ നിർമ്മാണം തുടങ്ങി. 79.08 ലക്ഷം രൂപയാണ് പാലത്തിന്റെ നിർമ്മാണച്ചെലവ്. പാലത്തിന്റെ നിർമ്മാണോദ്ഘാടനം വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. പൊതുമരാമത്ത് ചീഫ് എൻജിനിയർ മനോ മോഹൻ അടക്കമുള്ളവർ പങ്കെടുത്തു.
പാലം നിർമ്മിക്കാനുള്ള സ്കെച്ചും എസ്റ്റിമേറ്റും ഭൂമിയേറ്റെടുക്കലും പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മിഷൻ നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, പാലം പണി തുടങ്ങിയില്ല. ഇക്കാര്യം സിറ്റി കൗമുദി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം മനുഷ്യാവകാശ കമ്മിഷനെയും ഹൈക്കോടതിയെയും സമീപിക്കുകയും പുതിയ പാലം നിർമ്മിക്കുന്നതിനുള്ള ഉത്തരവ് നേടുകയുമായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ഏഴ് പാലങ്ങളിലൊന്നായ ഇതിന്റെ സ്റ്റീൽ ഗർഡറുകൾ തകർന്ന നിലയിലാണ്. പാലത്തിന്റെ സ്ളാബുകളും ദ്രവിച്ചു പോയി. പാലം പരിശോധിച്ച പൊതുമരാമത്ത് എൻജിനിയർ, അത് പുതുക്കിപ്പണിയുക മാത്രമാണ് പോംവഴിയെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ജലപാതാ ചട്ടം അനുസരിച്ച് ജലനിരപ്പിൽ നിന്ന് ഏഴ് മീറ്റർ ഉയരത്തിലും ബോട്ടുകൾക്കും മറ്റും കടന്നുപോകുന്നതിന് തടസം ഉണ്ടാകാതിരിക്കാനായി 30 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കേണ്ടത്. നിലവിൽ വള്ളക്കടവ് പാലത്തിന് നാല് മീറ്റർ ഉയരവും 11 മീറ്റർ വീതിയും മാത്രമാണുള്ളത്. ബീമാപള്ളി, വലിയതുറ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന വള്ളക്കടവ് പാലം 1887ലാണ് പണിതത്. ഇത് യാത്രക്കാർക്ക് ഏറ്റവും എളുപ്പമേറിയ വഴിയുമായിരുന്നു. നിരവധി സ്കൂൾ ബസുകളും ഈ പാലം ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ വെയർഹൗസിലേക്ക് വലിയ ചരക്ക് വാഹനങ്ങൾ സാധനങ്ങളുമായി എത്തുന്നതും ഈ പാലം വഴിയായിരുന്നു.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി, അൽപശി ഉത്സവ ഘോഷയാത്രകൾ കടന്നുപോകുന്നതും ഇതുവഴിയാണ്.