നെയ്യാറ്റിൻകര : സ്കൂളുകൾ കേന്ദ്രീകരിച്ച് കാർഷിക സംസ്കാരം വളർന്നു വരുന്നത് ആശാവഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാറശാല ഗ്രാമ പഞ്ചായത്തിലെ തരിശ് രഹിത ഭൂമി പദ്ധതി പാലിയോട് എസ്.എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് കാർഷിക വിജ്ഞാനം നൽകുന്നതിനായി പുതിയ കാർഷിക വിജ്ഞാന കേന്ദ്രം അടുത്ത മാസം ആരംഭിക്കും. നെതർലൻഡുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ തന്നെ കാർഷിക വിഭവ സമാഹരണത്തിൽ പുതിയ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികളിൽ കാർഷിക അവബോധം സൃഷ്ടിക്കാനും നമുക്കായി. പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം കാർഷിക വിഭവങ്ങൾ കേടുകൂടാതെ സംരക്ഷിക്കാനുള്ള നടപടികളും മുന്നോട്ടു പോകുകയാണ്.
തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയും പാലും വരുന്നത് കാത്തിരുന്ന കാലത്തിന് നാം വിടചൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കെ. ആൻസലൻ എം.എൽ.എ, ആനാവൂർ നാഗപ്പൻ, ചെറിയാൻഫിലിപ്പ്, ഡോ. ടി.എൻ. സീമ, കളക്ടർ ഗോപാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് പി.സുജാതകുമാരി, വി.എൻ.സലൂജ,എച്ച്.എസ്. അരുൺ, പാലിയോട് ശ്രീകണ്ഠൻ, കെ.കെ. സജയൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം അഡ്വ. കള്ളിക്കാട് ചന്ദ്രൻ, മണ്ഡലം സെക്രട്ടറി സുന്ദരേശൻനായർ, ഡോ. ഗീതാ രാജശേഖരൻ, ശോഭകുമാരി, ഷാജി, അജിത .ആർ, അനിൽ .കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.