
തിരുവനന്തപുരം : നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള സുപ്രധാന പദ്ധതിയായ കുന്നുകുഴിയിലെ അത്യാധുനിക അറവുശാലയുടെ നിർമ്മാണം അനന്തമായി നീളുന്നു. അറവുശാലയുടെ നിർമ്മാണം കെല്ല് (കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ്) ഏറ്റെടുത്തെങ്കിലും അഡ്വാൻസ് തുക നൽകുന്നതിൽ സർക്കാർ തീരുമാനമെടുക്കാത്തതാണ് പുതിയ പ്രതിസന്ധി.
പദ്ധതിയിൽ പകുതി എൻജിനിയറിംഗ് ജോലികളാണ്. എൻജിനിയറിംഗ് ജോലികൾക്കായി ചെലവാകുന്ന 4.3 കോടിയുടെ പകുതി അഡ്വാൻസായി വേണമെന്ന് കെല്ല് അധികൃതർ നഗരസഭയെ അറിയിച്ചു. എന്നാൽ ഇത്രയും തുക അഡ്വാൻസായി നൽകുന്നതിന് സർക്കാർ അനുമതി ആവശ്യമായതിനാൽ മൂന്നു മാസം മുമ്പ് ചേർന്ന കൗൺസിൽ യോഗം ഇക്കാര്യം സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചതോടെ പദ്ധതി ഫയലിൽ കുരുങ്ങി. 
വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിലുൾപ്പെടെ നിരവധി പ്രതിസന്ധികളാണുണ്ടായത്. കണ്ണൂരിലെ റിട്ട. വെറ്ററിനറി സർജൻ ഡോ. മോഹനൻ തയ്യാറാക്കിയ രൂപരേഖ അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരള സർവകലാശാലയിലെ മുൻ ഡയറക്ടർ ഡോ. എബ്രാഹം തയ്യാറാക്കിയ 30 കോടിയുടെ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു.
നഗരസഭയുടെ അറവുശാലയുടെ പ്രവർത്തനം കാരണം സമീപപ്രദേശങ്ങളിൽ മാലിന്യപ്രശങ്ങൾ ഉണ്ടായതിനെ തുടർന്ന് മാലിന്യസംസ്കരണത്തിന് ശരിയായ സംവിധാനമില്ലാത്തതിൽ അറവുശാല പൂട്ടാൻ മലിനീകരണനിയന്ത്രണബോർഡ് ഉത്തരവിടുകയായിരുന്നു. തുടർന്നാണ് അതേസ്ഥലത്ത് ആധുനിക അറവുശാല പണിയാൻ തീരുമാനിച്ചത്.
അറവുശാലയിലെ സംവിധാനങ്ങൾ ഇങ്ങനെ
ദിവസേന 75 ചെറുതും വലുതുമായ ആടുമാടുകളെ കശാപ്പ് ചെയ്യാം
അവശിഷ്ടങ്ങൾ സംസ്കരിക്കാൻ മാലിന്യസംസ്കരണ പ്ലാന്റ് ഒരുക്കും.
ഇറച്ചി അവശിഷ്ടങ്ങൾ പ്രോസസ് ചെയ്ത് മറ്റ് മൃഗങ്ങൾക്കുള്ള ഭക്ഷണമാക്കി മാറ്റും
അത്യാധുനികമായ ഫ്രീസർ സംവിധാനം
അറവുശാലയോട് ചേർന്ന് ചില്ലറവില്പന സ്റ്റാൾ
കന്നുകാലികളെ പരിശോധിക്കുന്നതിന് ഡോക്ടർമാർ
സമ്പൂർണ ശുചിത്വം ഉറപ്പാക്കും
നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം
പുതിയ അറവുശാല വരുന്നതോടെ വലിയൊരു പ്രശ്നത്തിന് പരിഹാരമാകും. നഗരത്തിൽ പലയിടത്തും വൃത്തിഹീനമായ സാഹചര്യങ്ങളിലാണിപ്പോൾ കശാപ്പ് ചെയ്യുന്നത്. ഗുണനിലവാരമില്ലാത്ത ഇറച്ചിയാണ് ചിലയിടങ്ങളിൽ ലഭിക്കുന്നതെന്ന പരാതിയുമുണ്ട്. മാലിന്യ പ്രശ്നമാണ് മറ്റൊന്ന്.
നഗരത്തിലെ ഏക അംഗീകൃത അറവുശാലയാണ് കുന്നുകുഴിയിലേത്. ഇവിടെ കന്നുകാലികളെയും ആടുകളെയും കൊണ്ടുവന്ന് കശാപ്പ് ചെയ്ത ശേഷം അവ ചില്ലറ വില്പനശാലകളിലൂടെ വിൽക്കണമെന്നാണ് വ്യവസ്ഥ. അറവുശാല സജ്ജമാകുന്നതോടെ അനധികൃത വില്പന അവസാനിക്കും.
കുന്നുകുഴിയിലെ അത്യാധുനിക അറവുശാലയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കെല്ലുമായി എഗ്രിമെന്റ് ഒപ്പുവച്ചിട്ടുണ്ട്. ഉടൻ പണി ആരംഭിക്കും.
- കെ. ശ്രീകുമാർ, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് 
കമ്മിറ്റി ചെയർമാൻ