പോത്തൻകോട്: മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് ഓടയിലെ മലിനജലം സമീപത്തെ ജനവാസമേഖലയിലേക്ക് കുത്തിയൊലിച്ചു. വീടുകളിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും മലിനജലവും ചെളിയും അടിഞ്ഞു.
കോൺക്രീറ്റ് ഭിത്തികെട്ടി ബലപ്പെടുത്തിയ ആശുപത്രിയുടെ ചുറ്റുമതിൽ തകർത്തെത്തിയ ചെളിവെള്ളം രോഗികളുടെ വാർഡുകളിലും സ്കാനിംഗ് റൂമിലും കയറിയതിനെ തുടർന്ന് ആശുപത്രിക്ക് വൻ നാശനഷ്ടം ഉണ്ടായി. ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് പോത്തൻകോട് സുശ്രുത ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയുടെ ഒരു ഭാഗം പകുതിയോളം വെള്ളത്തിനടിയിലായി. അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ, ലാപ്രോസ്കോപ്പിക് മെഷീൻ, ഓപ്പറേഷൻ തിയേറ്ററിലെ മോണിട്ടർ തുടങ്ങി നിരവധി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വാർഡുകളിലും, ആശുപത്രി മുറികളിലും ടോയ്ലെറ്റുകളിലും ചെളിയും മലിനജലവും കയറി. പത്ത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പോത്തൻകോട് ജംഗ്ഷനിൽ നിന്ന് അണ്ടൂർക്കോണം - കണിയാപുരം പി.ഡബ്ലിയു.ഡി റോഡിലെ ഓട വൃത്തിയാക്കാത്തതിനെത്തുടർന്നാണ് ഇത്തരത്തിൽ മലിനജലം കുത്തിയൊലിക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി അധികൃതർ ഈ ഭാഗത്തെ പ്രധാന ഓടകളൊന്നും വൃത്തിയാക്കിയിരുന്നില്ല. ഓടകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും മണ്ണും നിറഞ്ഞിരുന്നു. ഓടയിലെ മാലിന്യം ഇനിയും നീക്കംചെയ്യാതിരുന്നാൽ ഇതുപോലുള്ള ദുരന്തം ആവർത്തിക്കാൻ സാദ്ധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. ഈ ഭാഗത്തെ ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.