
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കുന്ന വെബ് സിരീസിൽ ഇന്ദ്രജിത്ത്എം.ജി ആറിന്റെ വേഷത്തിലെത്തുന്നു. ക്വീൻ എന്ന് പേരിട്ടിരിക്കുന്ന സിരീസിൽ ജയളിതയുടെ സമ്പൂർണ ജീവിത കഥയായിരിക്കും പറയുന്നത്. രമ്യ കൃഷ്ണനാണ് ജയലളിതയായി എത്തുന്നത്. രണ്ടു ദിവസം മുൻപ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു.
എം.ജി.ആർ ആയി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള നടനാണ് ഇന്ദ്രജിത്ത്. 1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇരുവരിൽ മോഹൻലാൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചിരുന്നു. ആദ്യ സീസണിലെ പതിനൊന്ന് എപ്പിസോഡുകളാണ് പ്രധാനമായും ഗൗതം മേനോൻ സംവിധാനം ചെയ്യുന്നത്. വിനയൻ സംവിധാനം ചെയ്ത എൻ മന വാനിൽ എന്ന ചിത്രമാണ് ഇന്ദ്രജിത്ത് അഭിനയിച്ച ആദ്യ തമിഴ് ചിത്രം. കാർത്തിക് നരേൻ സംവിധാനം നിർവഹിച്ച നരകാസുരനിൽ ഇന്ദ്രജിത്ത് അഭിനയിച്ചുവെങ്കിലും ചിത്രം ഇതു വരെ പുറത്തിറങ്ങിയിട്ടില്ല. രാജീവ് രവിയുടെ തുറമുഖം, ബിബിൻ പോളിന്റെ ആഹാ , ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്നിവയാണ് ഇന്ദ്രജിത്തിന്റെ പുതിയ ചിത്രങ്ങൾ.