ന്യൂയോർക്ക്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്ത്. മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാൻ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പട്ടികയിലുള്ള ഭീകരർ പാകിസ്ഥാനിലില്ലെന്ന് ഉറപ്പ് തരാൻ ഇമ്രാൻ ഖാന് കഴിയുമോ എന്നും വിദിഷ മൈത്ര ചോദിച്ചു. 2001ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ച് തകർത്ത ഒസാമ ബിൻലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാൻഖാനെന്നും അവർ കൂട്ടിച്ചേർത്തു.
'ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പട്ടികയിലുള്ള 130 ഭീകരർക്കും 25 ഭീകരസംഘടനകൾക്കും താവളം ഒരുക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. ഇവർ പാകിസ്ഥാനിലില്ലെന്ന് ഇമ്രാൻ ഖാന് ഉറപ്പ് തരാൻ കഴിയുമോ? യു.എൻ പട്ടികയിലുള്ള ഭീകരർക്ക് പാകിസ്ഥാൻ പെൻഷൻവരെ നൽകുന്നു. പാക് പ്രധാനമന്ത്രി ഭീകരവാദത്തെയും ഒസാമ ബിൻലാദനെയും ന്യായീകരിക്കുന്ന വ്യക്തിയാണ്. പാകിസ്ഥാൻ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. ജമ്മുകാശ്മീരിലെ വികസന പ്രവർത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകും-വിദിഷ മൈത്ര പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ അവർക്ക് പാക് പ്രധാനമന്ത്രിയെ ആവശ്യമില്ല, പ്രത്യേകിച്ച് തീവ്രവാദം ഒരു വ്യവസായമായി പടുത്തുയർത്തിയവരിൽ നിന്ന്. ജെന്റിൽമാന്മാരുടെ കളിയായ ക്രിക്കറ്റിൽ വിശ്വസിക്കുന്ന ഒരു മുൻ ക്രിക്കറ്റർ നടത്തിയ പ്രസംഗം അപക്വമായതും അതിർവരമ്പ് ലംഘിക്കുന്നതാണെന്നും ദാറ ആദംഖേലിലെ വിവിധ തോക്കുകളെ അനുസ്മരിപ്പിക്കുന്നതാണെന്നും വിദിഷ മൈത്ര വ്യക്തമാക്കി.
Pakistan venturing to upstream terrorism & downstream hate speech, India mainstreaming development in Jammu & Kashmir
— Syed Akbaruddin (@AkbaruddinIndia) September 28, 2019
- Vidisha Maitra @IndiaUNNewYork
Full statement https://t.co/aQlEcssL1X pic.twitter.com/TKdadPAnWS
ജമ്മുകാശ്‌മീരിൽ രക്തച്ചൊരിച്ചിലിന് ഇന്ത്യയാണ് പദ്ധതിയിടുന്നതെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഐക്യരാഷ്‌ട്ര പൊതുസഭയിൽ ആരോപിച്ചത്.ന്യൂക്ലിയർ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ അത് ഇരു രാജ്യങ്ങളുടെയും അതിരുകൾക്കുള്ളിൽ ഒതുങ്ങില്ലെന്നായിരുന്നു ഇമ്രാന്റെ മുന്നറിയിപ്പ്. കാശ്‌മീരിനെ തൊടാതെ ബുദ്ധനെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു യുദ്ധഭീഷണി മുഴക്കുന്നതുപോലുള്ള ഇമ്രാന്റെ പ്രസംഗം. പ്രസംഗത്തിലുടനീളം കാശ്‌മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ നിലപാട് ആവർത്തിക്കുകയായിരുന്നു ഇമ്രാൻ.