കൊച്ചി: സുപ്രീം കോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിൽ കൂടുതൽ സമയം തേടി ഉടമകൾ. ഇതുസംബന്ധിച്ച് ഫ്ലാറ്റ് ഉടമകൾ സർക്കാരിന് കത്തയച്ചു. നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും വെെദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നും ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിബന്ധനകളോടെ ഫ്ലാറ്റ് ഒഴിയാൻ തയ്യാറാണെന്ന നിലപാടിലാണ് ഫ്ലാറ്റുടമകൾ.
ഫ്ലാറ്റുകൾ ഒഴിയുന്നതിനു മുൻപ് താൽക്കാലിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നൽകുക, പൂർണ നഷ്ടപരിഹാരം ലഭിക്കുന്നതു വരെ ഇപ്പോഴത്തേതിനു തുല്യമായ സൗകര്യങ്ങളോടെയുള്ള താമസസ്ഥലം നൽകുക, ഫ്ലാറ്റുകൾ ഒഴിയുന്നതു വരെ വൈദ്യുതി, വെള്ളം കണക്ഷനുകൾ പുനഃസ്ഥാപിക്കുക എന്നീ നിബന്ധനകളാണു ഫ്ലാറ്റുടമകൾ മുന്നോട്ടു വയ്ക്കുന്നത്.
അതേസമയം, ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിയ്ക്കെതിരെ നഗരസഭ ഭരണസമിതി രംഗത്തെത്തി. ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ പൂർണ ചുമതല നിർവഹിക്കുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ച് സർക്കാരിന് കത്തയച്ചിട്ടുണ്ട്. ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല മറ്റാർക്കെങ്കിലും നൽകണമെന്നും നഗരസഭ ആവശ്യപ്പെട്ടു. മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ചത്.
കഴിഞ്ഞ ദിവസമാണ് മരടിലെ ഫ്ലാറ്റുടമകൾക്ക് താത്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നാലാഴ്ചയ്ക്കുള്ളിൽ നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടത്. ഈ പണം പിന്നീട് ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും പ്രൊമോട്ടർമാരിൽ നിന്നും ഈടാക്കാമെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫ്ലാറ്റുകളുടെ മൂല്യം നിശ്ചയിച്ച് ബാക്കി നഷ്ടപരിഹാരം തീരുമാനിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ഉൾപ്പെട്ട സമിതിയെയും നിയമിച്ചു.
കേസിൽ ബിൽഡർമാർക്കും പ്രൊമോട്ടർമാർക്കും നോട്ടീസ് അയച്ചു. നിർമ്മാതാക്കളുടെയും പാർട്ണർമാരുടെയും ഡയറക്ടർമാരുടേതുമടക്കമുള്ള സ്വത്തുവിവരങ്ങളും തേടി. സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാരിന് അവകാശമുണ്ട്. പരിസ്ഥിതി ദുർബല പ്രദേശത്ത് നിർമ്മാണാനുമതി നൽകിയ പഞ്ചായത്തിലെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കും സമിതി അന്വേഷിക്കും. പഞ്ചായത്തും ബിൽഡർമാരുമായി ധാരണയുണ്ടാക്കിയെന്നും നിയമലംഘനത്തിന് ഇവരും ഉത്തരവാദികളാണെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.