padmakumar

പത്തനംതിട്ട: യുവതി പ്രവേശനത്തിലും മരടിൽ നിർമ്മിച്ച ഫ്ലാറ്റുകൾക്കെതിരെയും സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ച സർക്കാരിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ രംഗത്ത്. ശബരിമലയിലെ യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂർത്തിയാകില്ലെന്നും മരടിലേതും സുപ്രീം കോടതി വിധിയാണെന്നും പത്മകുമാർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

'മരടിൽ പൊളിക്കാനുള്ള ഫ്ലാറ്റുകളിൽ പത്തോ അമ്പതോ ഉടമകളേ ഉള്ളു. എന്നാൽ ശബരിമലയിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പിലാക്കണം. ശബരിമല യുവതി പ്രവേശനം കൊണ്ട് മാത്രം നവോത്ഥാനം പൂർണമാകും എന്ന അഭിപ്രായം എനിക്കില്ല. നവോത്ഥാനം എന്നത് പിന്നാക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയർന്നു വരേണ്ട പ്രശ്‌നമാണ്. ബിന്ദുവും കനകദുർഗയും ശബരിമലയിൽ കയറിയതിലൂടെ വിധി നടപ്പിലായെന്നോ യുവതികൾ പ്രവേശിച്ചെന്നോ കാണേണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മിൽ വ്യത്യാസമുണ്ട്- പത്മകുമാർ പറഞ്ഞു.

അതേസമയം, തന്റെ വീട്ടിൽ നിന്ന് സ്ത്രീകളാരും ശബരിമലയിലേക്ക് പോകില്ലെന്ന കാര്യം പത്മകുമാർ ആവർത്തിച്ചു. ഇക്കാര്യം തന്നെ ഈ സ്ഥാനത്ത് നിയോഗിച്ച മുഖ്യമന്ത്രിക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.