sushama-swaraj

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മരണവാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. വിമർശകരുടെ പോലും പ്രീതി പിടിച്ച് പറ്റിയ നേതാവ് മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയ്ക്ക് ഒരു വാഗ്ദാനം നൽകിയിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു നിമിഷങ്ങൾക്കുമുമ്പ് അമ്മ നൽകിയ ആ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് മകൾ ബൻസൂരി സ്വരാജ്.

പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിന് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹരീഷ് സാൽവെയായിരുന്നു ഹാജരായത്. പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിന് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹരീഷ് സാൽവെ ഹാജരായത് വെറും ഒരു രൂപ പ്രതിഫലം വാങ്ങിച്ചായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഹരീഷ് സാൽവെയുമായി സംസാരിച്ച സുഷമ സ്വരാജ്,​ ആ പൈസ വാങ്ങാൻ നാളെ ആറുമണിക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ഒരു രൂപ നാണയം നൽകാൻ അവർക്ക് സാധിച്ചില്ല. അതിന് മുമ്പേ മരണം അവരെ കീഴ്പ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ടേമിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് ആഗസ്റ്റ് ആറിനായിരുന്നു അന്തരിച്ചത്. മരണത്തിന് തൊട്ടുപിന്നാലെ ആഗസ്റ്റ് ആറിന് വൈകുന്നേരം സുഷമ സ്വരാജുമായി താൻ നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് ഹരീഷ് സാൽവെ മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം സാൽവെയെ സന്ദർശിച്ച ബൻസൂരി ഒരു രൂപ നാണയം അദ്ദേഹത്തിന് നൽകി ആ വാഗ്ദാനം നിറവേറ്റി. സുഷമ സ്വരാജിന്റെ ഭർത്താവും മുൻ മിസോറാം ഗവർണറുമായ സ്വരാജ് കൗശലാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. 'നിന്റെ അവസാന ആഗ്രഹം ബൻസൂരി നിറവേറ്റി. അവൾ ഹരിഷ് സാൽവെയെ വിളിച്ച് കുൽഭൂഷൻ ജാദവിന്റെ കേസിലെ ഫീസായി നിനക്ക് നൽകാൻ സാധിക്കാതെ പോയ ഒരു രൂപ നാണയം നൽകി'- അദ്ദേഹം ട്വീറ്റ് ചെയ്തു.

@sushmaswaraj Bansuri has fulfilled your last wish. She called on Mr.Harish Salve and presented the One Rupee coin that you left as fees for Kulbhushan Jadhav's case. pic.twitter.com/eyBtyWCSUD

— Governor Swaraj (@governorswaraj) September 27, 2019


ബൻസൂരി തന്നെ വിളിച്ചതിനെപ്പറ്റിയും ഫീസ് വാങ്ങാൻ വരണമെന്ന് ആവശ്യപ്പെട്ടതിനെപ്പറ്റിയും സാൽവെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ' ബൻസൂരി വളരെ സന്തോഷവതിയായിരുന്നു, എന്തുകൊണ്ടാണ് ഞാൻ ഈ സന്ദർഭത്തിൽ കാണാൻ ചെല്ലാത്തതെന്ന് അവൾ എന്നോട് ചോദിച്ചു. ഇന്ന് ഞാൻ കാണാൻ വരാമെന്ന് അവൾക്ക് ഉറപ്പ് നൽകിയിരുന്നു. നിങ്ങൾ വരണം,​ എനിക്ക് നിങ്ങളുടെ ഫീസ് തരണമെന്ന് അവൾ പറഞ്ഞു' സാൽവെ പറഞ്ഞു.

Kulbhushan Jadhav's family came to see me today. I wish them all the best. pic.twitter.com/CaXYaDXAUH

— Sushma Swaraj (@SushmaSwaraj) July 25, 2019


'ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വലിയ വിടവ്. സുഷമ സ്വരാജ് ഒരു പഴയ തലമുറയിൽപ്പെട്ട രാഷ്ട്രീയക്കാരിയായിരുന്നു, ശത്രുതയില്ലാതെ എങ്ങനെ വിയോജിക്കാമെന്നും, കുറ്റകരമാകാതെ എങ്ങനെ വെല്ലുവിളിക്കാമെന്നും അവർക്കറിയാമായിരുന്നു. അനുനയിപ്പിക്കുന്ന വ്യക്തിയും എന്നാൽ ഒരിക്കലും കോപിക്കാത്ത വ്യക്തിയുമായിരുന്നു സുഷമ സ്വരാജ്," സാൽവെ പറഞ്ഞു.