rajnath-singh

മുംബയ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വാതിലുകൾ തോറും നടന്ന് കാർട്ടൂണിസ്റ്റുകൾക്ക് വരയ്ക്കാനുള്ള വിഷയങ്ങൾ സൃഷ്ടിക്കുകയാണെന്ന് പരിഹസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ തീരങ്ങളിൽ മുംബയിൽ നടന്ന ആക്രമണങ്ങൾക്ക് സമാനമായ രീതിയിൽ പാകിസ്ഥാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും എന്നാൽ അവരുടെ ആഗ്രഹങ്ങൾ ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മുംബയിലെ മസ്ഗാവോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റ‌ഡിൽ ഇന്ത്യൻ മുങ്ങിക്കപ്പലായ ഐ.എൻ.എസ്. ഖാന്ധേരി കമ്മീഷൻ ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. സ്വന്തമായി മുങ്ങിക്കപ്പലുകൾ നിർമ്മിക്കാൻ കഴിവുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും സിംഗ് പറഞ്ഞു.

'ഖാന്ധേരി, കമ്മീഷൻ ചെയ്തതോടെ ഇന്ത്യൻ സേന അങ്ങേയറ്റം കരുത്താർജ്ജിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ മനസിലാക്കേണ്ടതുണ്ട്. ഇന്ത്യൻ സേനയ്ക്ക് ഇനിയും കരുത്ത് നൽകാൻ തന്നെയാണ് സർക്കാർ ഉദ്ദേശിച്ചിട്ടുള്ളത്. ഇന്ത്യയുടെ കീഴിലുള്ള പ്രദേശങ്ങളിലെ സമാധാനം കെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുകയാണെങ്കിൽ കേന്ദ്ര സർക്കാർ ശക്തമായി തിരിച്ചടിക്കും.' ഇത് പറഞ്ഞതിന് ശേഷമാണ് പാകിസ്ഥാൻ പ്രധാനമന്ത്രി വാതിലുകൾ തോറും നടന്ന് കാർട്ടൂണിസ്റ്റുകൾക്ക് വിഷയമുണ്ടാക്കുന്നതെന്ന് പ്രതിരോധ മന്ത്രി പ്രതികരിച്ചത്. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ ഇമ്രാൻ ഖാൻ പ്രസംഗിച്ച് ഒരു ദിവസം കഴിഞ്ഞായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന.