mani-c-kappan

കോട്ടയം: മന്ത്രിയാകാൻ താൽപര്യമില്ലെന്ന് നിയുക്ത പാലാ എം.എൽ.എ മാണി സി.കാപ്പൻ പറ‌ഞ്ഞു. മന്ത്രിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും താൻ അതിനെ കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പലായിൽ ഒരു ക്വാറികളും അനുവദിക്കില്ലെന്നും നിയമപരമല്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുമെന്നും മാണി.സി.കാപ്പൻ കൂട്ടിച്ചേർത്തു.

"മുതിർന്ന നേതാക്കൾ പാർട്ടിയിലുള്ളപ്പോൾ അത്തരം ചർച്ചയിലേക്കു പോകേണ്ടതില്ല. പാലായിലെ അതൃപ്തരായ കേരളാ കോൺഗ്രസുകാരും,​ കോൺഗ്രസുകാരും സഹായിച്ചു. ബി.ജെ.പിയുടെ വോട്ടുലഭിച്ചു എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളുന്നു"വെന്നും മാണി സി. കാപ്പൻ പറഞ്ഞു. അതേസമയം,​ മാണി സി.കാപ്പനെ മന്ത്രിസഭയിൽ എത്തിക്കാൻ പാർട്ടി അദ്ധ്യക്ഷൻ തോമസ് ചാണ്ടിക്ക് താൽപര്യമുണ്ടെന്നാണ് സൂചന. സർക്കാരിന്റെ അവസാന നാളുകളിലെങ്കിലും മന്ത്രി പദവിയിലെത്തുന്നത് വരുന്ന തിരഞ്ഞടുപ്പിൽ പാലായിൽ നേട്ടമാകുമെന്ന് എൻ.സി.പിയുടെ പ്രാദേശിക നേതാക്കൾക്കും അഭിപ്രായമുണ്ട്.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മാണി സി.കാപ്പനാണ് ലീഡ് ചെയ്തിരുന്നത്. അവസാന നിമിഷം വരെ ലീഡ് നിലനിറുത്താനും അദ്ദേഹത്തിനു സാധിച്ചു. മാണി സി.കാപ്പൻ 54,137 വോട്ടുകൾ നേടിയപ്പോൾ എതിരാളി യു.ഡി.എഫിന്റെ ജോസ് ടോമിന് 51,194 വോട്ടാണു ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിക്കു കിട്ടിയത് 18,044 വോട്ട്. 9 ഗ്രാമപഞ്ചായത്തും പാലാ നഗരസഭയും എൽ.ഡി.എഫ് നേടിയപ്പോൾ മൂന്നു പഞ്ചായത്തുകളിൽ മാത്രമായിരുന്നു യു.ഡി.എഫിനു ലീഡ് ലഭിച്ചത്.