ട്രാക്ക് മാറിയെത്തിയ കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ സ്കൂട്ടറിൽ ധൈര്യത്തോടെ നിലയുറപ്പിച്ച ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ ഉൾപ്പെടെ യുവതിയെ അനുകൂലിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ നിയമലംഘനം നടത്തിയെന്നും മറ്റുമുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിമർശകർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് യുവതി.
പെരുമ്പാവൂർ ഇരിങ്ങോൽ വടക്കരേടത്ത് മനീഷിന്റെ ഭാര്യ സൂര്യയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ആ യുവതി. പെരുമ്പാവൂരിലെ ഫോട്ടോപാർക്ക് സ്റ്റുഡിയോയിൽ ജീവനക്കാരിയാണ് സൂര്യ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഈ സംഭവം ഉണ്ടായതെന്ന് യുവതി പറയുന്നു.
കുട്ടികളെ ഇറക്കുകയായിരുന്ന ഒരു സ്കൂൾ ബസിന് പിന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു സൂര്യയുടെ സ്കൂട്ടർ. ആ ബസ് വലത്തോട്ട് പോയപ്പോൾ മറ്റൊരു ബസിനെ മറികടന്നെത്തിയ കെ.എസ്.ആർ.ടി തന്റെ മുന്നിലെത്തുകയായിരുന്നെന്ന് സൂര്യ പറയുന്നു.
'പെട്ടെന്ന് മുന്നിലെത്തിയ ബസ് കണ്ടപ്പോൾ ആദ്യം പകച്ചു. എന്നാൽ ധൈര്യപൂർവം അവിടെത്തന്നെ നിൽക്കുകയായിരുന്നു. അതേസമയം വീഡിയോയ്ക്കുള്ള കമൻറുകളിൽ പറയുന്നത് പോലെ നിയമ ലംഘനം നടത്തുകയോ ബോധപൂർവം ബസ് തടയുകയോ ചെയ്തിട്ടില്ല. ഡ്രൈവർ ചിരിച്ച് കൊണ്ട് ഇടതുവശത്തേക്ക് മാറ്റിയാണ് ബസും കൊണ്ട് പോയത്'- സൂര്യ വ്യക്തമാക്കുന്നു. അതേസമയം ഈ വിഡീയോ എവിടെ നിന്നുള്ളതാണെന്നോ ആരാണ് ചിത്രീകരിച്ചതെന്നും വ്യക്തമല്ല.