tea-bag

വ്യത്യസ്തമായ രീതികളിലൂടെയാണ് പലരും ചായ കുടിക്കുന്നത്. ചിലർ പാൽ ചേർക്കാതെ 'കട്ടനടിക്കുന്ന'തെതെങ്കിൽ മറ്റുചിലർ പാലോ പാൽപൊടിയോ ചേർത്താണ് ചായ കുടിക്കുക. എന്നാൽ വളരെ അപകടകരമായ രീതിയിൽ ചായ കുടിക്കുന്ന ചിലരുമുണ്ട്. തിളപ്പിച്ച വെള്ളത്തിൽ ടീബാഗ്‌ ഇറക്കി വച്ച ശേഷം ചായ കുടിക്കുന്നവർ. ഈ രീതിയെ 'അപകടകരം' എന്ന് വിശേഷിപ്പിക്കുവാനുള്ള കാരണം അക്ഷരാർത്ഥത്തിൽ ആരെയും ഞെട്ടിക്കുന്നതാണ്. ടീബാഗ്‌ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു കപ്പ് ചായയയിലൂടെ 11 ബില്ല്യൺ മൈക്രോ, നാനോ പ്ലാസ്റ്റിക് കണങ്ങളാണ് ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് എത്തുന്നത്.നഗ്നനേത്രങ്ങൾ കൊണ്ട് ഒരിക്കലും ഇവയെ കണ്ടുപിടിക്കാൻ സാധിക്കില്ല. അതുകൊണ്ട് ആരും ഇക്കാര്യം തിരിച്ചറിയാതെ പോകുന്നു എന്നത് ഈ 'ചായകുടി'യുടെ അപകടസാദ്ധ്യത കൂട്ടുന്നു. കാനഡയിലെ മോൺട്രിയാലിലുള്ള മക്ഗിൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നതാലി തുഫെങ്ക്ജിയാണ് ആരും അറിയാതെ പോയ ഈ അപകടം കണ്ടെത്തിയത്.

ഒരു കോഫീ ഷോപ്പിൽ നിന്നും ടീബാഗിട്ട ചായ കുടിക്കുമ്പോൾ അതിലെന്തോ അസ്വാഭാവികത തോന്നിയ നതാലി ഇതിന്റെ സാമ്പിളുകൾ തന്റെ ലാബിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ടീബാഗിൽ പ്ലാസ്റ്റിക്ക് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. 11 ബില്ല്യൺ മൈക്രോ പാർട്ടിക്കിളുകളും, 3 ബില്ല്യൺ നാനോ പാർട്ടിക്കിളുകളും ഒരൊറ്റ ടീബാഗിലൂടെ മനുഷ്യശരീരത്തിലേക്ക് എത്തുന്നുണ്ട് എന്നതായിരുന്നു നതാലിയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ. നഗ്‌നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കാൻ കഴിയാത്ത ഈ പ്ലാസ്റ്റിക് കണങ്ങൾ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ചാണ് ഒടുവിൽ നതാലി കണ്ടെത്തിയത്.

ഇതിനായി നാല് കമ്പനികളുടെ ടീ ബാഗുകൾ പ്രൊഫസർ പരീക്ഷണവിധേയമാക്കി. 95 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിലേക്ക് ഇറക്കിവയ്ക്കുമ്പോൾ ഇതിൽനിന്നെല്ലാം പ്ലാസ്റ്റിക് കണങ്ങൾ പുറന്തള്ളപ്പെടുന്നുണ്ടെന്ന് നതാലി തന്റെ പരീക്ഷണത്തിലൂടെ സമർത്ഥിക്കുന്നു. പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും നിർമ്മിക്കാനായി ഉപയോഗിക്കുന്ന പോളിസ്റ്ററും നൈലോണുമാണ് ഈ പ്ലാസ്റ്റിക് കണങ്ങളെന്നും നതാലി പറയുന്നു. വെറും അഞ്ച് മിനിറ്റ് നേരം മാത്രമാണ് ഇവർ ടീബാഗുകൾ വെള്ളത്തിലേക്ക് ഇറക്കി വച്ചത്. ചായ പൊടിയിൽ നിന്നല്ല ടീബാഗിൽ നിന്നുതന്നെയാണ് ഈ കണങ്ങൾ ചായയിലേക്ക് പടരുന്നതെന്നും നതാലി പറയുന്നു. ചില ബ്രാൻഡുകൾ ടീബാഗ് നിർമിക്കാനായി പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ബാഗുകളിലൂടെ പ്ലാസ്റ്റിക് പുറന്തള്ളപ്പെടുന്നു എന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ടീബാഗുകൾ നിർമിക്കാനായി പേപ്പർ ഉപയോഗിക്കുന്ന ബ്രാൻഡുകൾ അപകടകാരികളാണോ എന്ന് അറിവായിട്ടില്ല.മുൻപ്, വിവിധ ഭക്ഷണ സാധനങ്ങളിലൂടെ ഒരു ക്രെഡിറ്റ് കാർഡ് നിർമിക്കാൻ ഉപയോഗിക്കുന്നത്ര പ്ലാസ്റ്റിക് ഒരു സാധാരണ മനുഷ്യൻ അകത്താക്കുന്നുണ്ടെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ കണ്ടെത്തിയിരുന്നു.