തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് വി.ജെ ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അവാർഡ് നിർണയിച്ചത്. ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പിലെ വജ്രദാഹം, വി.ജെ. ജയിംസിന്റെ നിരീശ്വരൻ എന്നീ കൃതികളായിരുന്നു അവാർഡിനായി അവസാനഘട്ടത്തിൽ പരിഗണിച്ചത്.
അവാർഡ് നിർണയം ഏകകണ്ഠമായ തീരുമാനമായിരുന്നെന്ന് പെരുമ്പടവം പറഞ്ഞു. എം.കെ സാനുവിന്റെ രാജിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എം.കെ.സാനു ആരോഗ്യ പ്രശ്നങ്ങളാലാണ് രാജി വച്ചതെന്നും പെരുമ്പടവം പറഞ്ഞു.
അതേസമയം, വയലാർ അവാർഡ് ട്രസ്റ്റിനെതിരേ രൂക്ഷ വിമർശനവുമായി പ്രൊഫ.എം കെ സാനു രംഗത്തെത്തി. കടുത്ത സമ്മർദ്ദം ഉണ്ടായതിനെതുടർന്നാണ് അവാർഡ് നിർണയ സമിതിയിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാധീനത്തിനു വഴങ്ങാൻ കഴിയാത്തതിനാലാണ് രാജിവച്ചത്. പുരസ്കാര നിർണയത്തിനിടെ പറയാൻ പറ്റാത്തത് സംഭവിച്ചെന്നും സാനു പറഞ്ഞു.
'അവാർഡ് ഒരു സർഗാത്മക കൃതിക്കേ കൊടുക്കാവൂ. സർഗാത്മക മൂല്യമാണ് പരിഗണിക്കേണ്ടത് എന്ന നിലപാടാണ് എക്കാലത്തും ഞങ്ങൾ സ്വീകരിച്ചിരുന്നത്. വയലാർ ട്രസ്റ്റും അങ്ങനെ തന്നെ. സർഗാത്മകത ഒന്നാമത്തെ ഗുണമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ഈ പ്രാവശ്യം അതില്ലാത്ത ഒരു ഗ്രന്ഥത്തിന് പുരസ്കാരം കൊടുക്കുമെന്ന് ഉറപ്പായപ്പോഴാണ് രാജി വച്ചത്'-അദ്ദേഹം പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.